ചെര്‍ക്കള: പെരുന്നാള്‍ ദിനത്തില്‍ ബന്ധു വീട്ടില്‍ പോയി മടങ്ങുകയായിരുന്ന മുസ്്‌ലിം യൂത്ത് ലീഗ് നേതാവിനെയും കുടുംബത്തെയും കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചതായി പരാതി. സംഭവത്തില്‍ നാലുപേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം വിദ്യാനഗര്‍ പൊലീസ് കേസെടുത്തു. അക്രമത്തിന് പിന്നില്‍ എസ്.ഡി.പി.ഐ- സി.പി.എം പ്രവര്‍ത്തകരാണെന്നാണ് ആരോപണം. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയും മുട്ടത്തൊടി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ ചെങ്കള ബംബ്രാണി ഹാഷിം ബംബ്രാണി (36), ഭാര്യ സി.എം നഫീസത്ത് തസ്‌നിയ (30), രണ്ട് കുട്ടികള്‍ എന്നിവരെയാണ് നാലംഗ സംഘം ആക്രമിച്ചത്.
പെരുന്നാള്‍ ദിവസം ചെങ്കള കോയപ്പാടിയിലെ ബംബ്രാണി നഗറിലേക്ക് കാറില്‍ വരുന്നതിനിടെ സംഘം കാര്‍ തടയുകയായിരുന്നു. വാഹനം നിര്‍ത്തി ഗ്ലാസ് താഴ്ത്തി കാര്യം അന്വേഷിച്ചപ്പോള്‍ ഒന്നാം പ്രതി ഇരുമ്പുവടി കൊണ്ട് ഹാഷിം ബംബ്രാണിയുടെ മുഖത്ത് കുത്തുകയും പുറത്തിറങ്ങാന്‍ ശ്രമിക്കവേ കൂടെയുണ്ടായിരുന്നവരും ചേര്‍ന്ന് അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്ന് ഹാഷിം പറഞ്ഞു. ബഹളം കേട്ട് ആളുകളെത്തിയതോടെയാണ് സംഘം കടന്നുകളഞ്ഞത്. കൈക്കും മുഖത്തും പരിക്കേറ്റ ഹാഷിം പൊവ്വല്‍ സി.എം. ആശുപത്രിയില്‍ ചികിത്സ തേടി. ഭാര്യ തസ്‌നിയയുടെ പരാതിയില്‍ നവാസ്, കരീം, മുഹ്‌സിന്‍, മുഖംമൂടി ധരിച്ച ഒരാള്‍ എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം വിദ്യാനഗര്‍ പൊലീസ് കേസെടുത്തു.
Post a Comment
0 Comments