Type Here to Get Search Results !

Bottom Ad

അര്‍ജുന്റെ അമ്മയുടെ ഹൃദയമലിയിക്കുന്ന കത്ത് പങ്കുവച്ച് എം.എല്‍.എ


കാസര്‍കോട്: എ.കെ.എം അഷ്‌റഫ് എം.എല്‍.എയ്ക്ക് ഹൃദയമലിയിക്കുന്ന കത്തുമായി ഷിരൂരിലെ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ അമ്മ ഷീല. ഈ പെരുന്നാളിന് തനിക്ക് കിട്ടിയ ഏറ്റവും മൂല്യമുള്ള സ്നേഹ സമ്മാനമാണിതെന്ന് കുറിച്ചുകൊണ്ട് എം.എല്‍.എ കത്ത് ഫേസ്ബുക്കില്‍ പങ്കുവെച്ചു. തന്റെ മകന്‍ അര്‍ജുനെ കണ്ടെത്താനുള്ള ഷിരൂര്‍ ദൗത്യത്തില്‍ തുടക്കം മുതല്‍ ഒടുക്കം വരെ താങ്ങായും തണലായും നിന്ന എം.എല്‍.എയ്ക്ക് നന്ദി സൂചിപ്പിച്ചു കൊണ്ടായിരുന്നു അര്‍ജുന്റെ അമ്മ കത്തെഴുതിയത്.

'ഒരു കണ്ണീര്‍മഴക്കാലത്ത് സങ്കടക്കടലില്‍ അകപ്പെട്ട ഒരു കുടുംബം കച്ചിത്തുരുമ്പെങ്കിലും കൈകളില്‍ തടഞ്ഞെങ്കിലെന്ന് പ്രാര്‍ഥിക്കവെ... ഒരുപാടൊരുപാട് കൊതുമ്പുവള്ളങ്ങള്‍ പരമ കാരുണികനായ ദൈവം അയച്ചുതന്നു. അതില്‍ ഏറ്റവും ചേര്‍ന്നുനിന്ന വള്ളങ്ങളിലൊന്ന് താങ്കളുടേതായിരുന്നു. അന്ന് മുതലെന്നും താങ്കളും ഞങ്ങളോടൊപ്പം ചേര്‍ന്നുനിന്നു. കുറച്ചു വാക്കുകളില്‍ തീരുന്നതല്ല കടപ്പാടുകള്‍. എന്നും നന്മകള്‍ നേര്‍ന്നുകൊണ്ട് അമ്മ-ഷീല കെ.സി'.

കഴിഞ്ഞ ജൂലായ് 16ന് ദേശീയപാത- 66ല്‍ കര്‍ണാടക ഷിരൂര്‍ ഗംഗാവലി പുഴയോട് ചേര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍പെട്ട് മരിച്ച അര്‍ജുന്‍ കേരളത്തിന്റെ മൊത്തം നൊമ്പരമായിരുന്നു. മണ്ണിനടിയില്‍പെട്ട അര്‍ജുനെ കണ്ടെത്താനായി ഒരു സംസ്ഥാനം മുഴുക്കെ പ്രാര്‍ഥനയില്‍ കഴിയുന്നതിനിടെ 72 ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു അര്‍ജുന്റെ മൃതദേഹം കണ്ടെത്തുന്നത്. ഇവിടത്തെ തിരച്ചിലിന് ദിവസങ്ങളോളം നേതൃത്വം നല്‍കിയത് എ.കെ.എം. അഷ്റഫ് എം.എല്‍.എയും കര്‍ണാടക കാര്‍വാര്‍ എം.എല്‍.എ സതീഷ്‌കൃഷ്ണ സെയിലുമായിരുന്നു. ഒടുവില്‍ സെപ്തംബര്‍ 25ന് മൃതദേഹം കണ്ടെത്തുകയും ഡി.എന്‍.എ ടെസ്റ്റില്‍ അര്‍ജുന്റെ മൃതദേഹമാണെന്ന് തിരിച്ചറിയുകയും ഇവിടെ നിന്ന് സ്വദേശത്തേക്ക് എത്തിക്കുന്നത് വരെയും എ.കെ.എം അഷ്റഫ് എം.എല്‍.എ മുന്നിലുണ്ടായിരുന്നു. ഇതിനൊക്കെ നന്ദി അറിയിച്ചു കൊണ്ടുള്ളതായിരുന്നു അര്‍ജുന്റെ അമ്മയുടെ കത്ത്.

ആ കണ്ണീര്‍ മഴക്കാലത്തിന്റെ ഓര്‍മ്മകളില്‍ അമ്മ എന്നെയും ചേര്‍ത്തുവെച്ചിട്ടുണ്ട്. എനിക്കും ആ കാലം മറക്കാനാവില്ല. പ്രിയപ്പെട്ട അമ്മേ, നിങ്ങള്‍ എഴുതിയ ഓരോ വാക്കിലെയും നോവ് എനിക്ക് വായിച്ചെടുക്കാനാവും. തോരാമഴ പെയ്ത, കണ്ണീര്‍മഴ കൊണ്ട് കണ്ണ് മൂടിയ അന്നത്തെ ഓരോ ദിവസവും എന്റെ മനസിലുണ്ട്. ആ ഓര്‍മ്മകള്‍ക്ക് മരണമില്ലെന്നും മറുപടി കുറിപ്പില്‍ എ.കെ.എം അഷ്റഫ് പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad