കാസര്‍കോട്: ആരോഗ്യ മേഖലയില്‍ ജില്ലയിലുള്ള സംവിധാനങ്ങള്‍ അപര്യാപ്തമായതിനാല്‍ നിര്‍ദിഷ്ട മെഡിക്കല്‍ കോളജിന്റെ നിര്‍മാണം ത്വരിതപ്പെടുത്താന്‍ ചീഫ് സെക്രട്ടറി നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ്. ജില്ലയില്‍ ആരോഗ്യസംവിധാനങ്ങള്‍ കുറവായതിനാല്‍ കര്‍ണാടകയെ ആശ്രയിക്കേണ്ടി വരികയാണെന്ന് ആരോപിച്ച് സമര്‍പ്പിച്ച എ.എ അബ്ദുല്‍ സത്താറിന്റെ പരാതിയിലാണ് കമ്മീഷന്‍ ഉത്തരവ്.
ജില്ലാ കലക്ടര്‍ കമ്മീഷനില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിലവില്‍ ആശുപത്രി ബ്ലോക്കിന്റെ നിര്‍മാണ പ്രവൃത്തി നിര്‍ത്തിവച്ചിരിക്കുകയാണെന്ന് പറയുന്നു. പഴയ റേറ്റില്‍ പണി ചെയ്യാന്‍ കഴിയില്ലെന്ന് കരാറുകാരന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് നിര്‍മ്മാണം നിര്‍ത്തി വച്ചത്. തുടര്‍ന്ന് കരാറുകാരനെ സര്‍ക്കാര്‍ നീക്കം ചെയ്തു. ആശുപത്രി ബ്ലോക്കിന്റെ പണി പൂര്‍ത്തിയാക്കണമെങ്കില്‍ സെക്രട്ടേറിയറ്റ് തലത്തില്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അക്കാദമിക് ബ്ലോക്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സിന്റെ പണി 70ശതമാനം പൂര്‍ത്തിയാക്കി. പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍, ടീച്ചേഴേസ് ക്വാര്‍ട്ടേഴ്‌സ് എന്നിവയുടെ പണിയും പൂര്‍ത്തിയാക്കിയിട്ടില്ല. കെട്ടിടങ്ങള്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിന് 3 ലക്ഷം രൂപ എം. എല്‍.എ. ഫണ്ടില്‍ നിന്നും അനുവദിച്ചിട്ടുണ്ട്. സ്ഥിരം കണക്ഷന് 18 ലക്ഷം രൂപ ആവശ്യമാണ്. കുടിവെള്ള കണക്ഷന്‍ അനുവദിക്കാന്‍ കാസര്‍കോട് വികസന പാക്കേജില്‍ നിന്നും വാട്ടര്‍ അതോറിറ്റിക്ക് നല്‍കിയെങ്കിലും വാട്ടര്‍ അതോറിറ്റി പണി പൂര്‍ത്തിയാക്കിയിട്ടില്ല.
Post a Comment
0 Comments