കാസര്‍കോട്: കാസര്‍കോട് ജില്ലക്കാരായ കുപ്രസിദ്ധ ക്രിമിനല്‍ സംഘത്തെ മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. മംഗല്‍പാടി സ്വദേശിയും നിലവില്‍ മലപ്പുറം കൊണ്ടോട്ടിയില്‍ താമസക്കാരനുമായ അബ്ദുല്‍ ലത്തീഫ് എന്ന തോക്ക് ലത്തീഫി (24)നെ മംഗ്ളൂരു നഗരത്തില്‍ വച്ചാണ് പൊലീസ് പിടികൂടിയത്. ഇയാളില്‍ നിന്ന് 12.895 കിലോ കഞ്ചാവും കടത്തിനു ഉപയോഗിച്ച കാറും പൊലീസ് കണ്ടെടുത്തു. തോക്ക് കേസ് ഉള്‍പ്പെടെ 13 കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുന്നും കൈ സ്വദേശിയും കാഞ്ഞങ്ങാട്ട് താമസക്കാരനുമായ നൗഫല്‍ (38), കുരുടപ്പദവിലെ മന്‍സൂര്‍ (30) എന്നിവരാണ് അറസ്റ്റിലായ മറ്റു രണ്ടു പേര്‍.
കോണാജെ, നാട്ടക്കല്ലില്‍ വച്ചാണ് ഇരുവരും അറസ്റ്റിലായതെന്നു പൊലീസ് പറഞ്ഞു. ഇവരില്‍ നിന്നും രണ്ട് പിസ്റ്റ്യൂളുകളും നാലു വെടിയുണ്ടകളും രണ്ട് മൊബൈല്‍ ഫോണുകളും സ്‌കോര്‍പ്പിയോ കാറും പിടികൂടി. നൗഫല്‍ 112 കിലോ കഞ്ചാവ് കടത്തിയ കേസിലും 700 ഗ്രാം എംഡിഎംഎ പിടികൂടിയതടക്കം നിരവധി കേസുകളിലും പ്രതിയാണെന്നു പൊലീസ് പറഞ്ഞു. മഞ്ചേശ്വരം, പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മൊറത്തണ സ്വദേശികളായ മുഹമ്മദ് അസ്‌കര്‍ (27), മുഹമ്മദ് സാലി (35) എന്നിവരെ തലപ്പാടിയില്‍ വച്ചാണ് പിടികൂടിയത്. ഇവരില്‍ നിന്നു ഒരു പിസ്റ്റൂള്‍, രണ്ടു വെടിയുണ്ട, 2 മൊബൈല്‍ ഫോണുകള്‍ എന്നിവ പിടികൂടി. ഇരില്‍ മുഹമ്മദ് സാലിക്കെതിരെ മഞ്ചേശ്വരം സ്റ്റേഷനില്‍ പത്തോളം കേസുകള്‍ ഉള്ളതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.