കാസര്‍കോട്: പിതാവിനെ വിറക് കൊള്ളി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ മകന് എട്ടുവര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ. ചിറ്റാരിക്കാല്‍ മാലോം അതിരുമാവു കോളനിയിലെ പാപ്പിനി വീട്ടില്‍ ദാമോദരനെ (62) വിറക് കൊള്ളികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മകന്‍ അനീഷിനെ (36) യാണ് കാസര്‍കോട് അഡീഷണല്‍ ജില്ലാ സെക്ഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് എ മനോജ് ശിക്ഷിച്ചത്.
കേസില്‍ ദൃക്സാക്ഷികളായ ദാമോദരന്റെ ഭാര്യ രാധാമണി, മക്കളായ സനീഷ്, ദിവ്യ എന്നിവരും അയല്‍വാസികളും ഉള്‍പ്പെടെ പ്രധാന സാക്ഷികളെല്ലാം കൂറുമാറിയിട്ടും കോടതി പ്രതിക്ക് ശിക്ഷ കിട്ടിയിരിക്കുകയാണ്. 2019 ജുലൈ 28ന് രാത്രി 11.45 മണിയോടെയാണ് കൊലപാതകം നടന്നത്. രാത്രി മദ്യപിച്ചെത്തിയ പ്രതി പിതാവുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടിരുന്നു. കേസില്‍ പ്രോസിക്യൂഷന്‍ 24 സാക്ഷികളെ വിസ്തരിച്ചു. 39 രേഖകളും 11 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തിരുന്നു. ചിറ്റാരിക്കല്‍ സബ് ഇന്‍സ്പെക്ടറായിരുന്ന കെ പി വിനോദ് കുമാറാണ് കേസന്വേഷണം നടത്തി കോടതിയില്‍ പഴുതുകളച്ച കുറ്റപത്രം സമര്‍പ്പിച്ചത്. സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കോടതി പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.
Post a Comment
0 Comments