കാസര്‍കോട്: ലക്ഷങ്ങള്‍ വിലമതിക്കുന്ന ഹാഷിഷും കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോ നല്‍കിയ രഹസ്യ വിവരത്തെ തുടര്‍ന്ന് കാസര്‍കോട് എക്‌സൈസ് റേഞ്ച് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുകളുമായി കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബി അശ്കര്‍ അലി (36) പിടിയിലായത്.
തളങ്കര പള്ളിക്കാല്‍ റെയില്‍ പാളത്തിന് സമീപത്ത് വച്ചാണ് 212 ഗ്രാം ഹാഷിഷ് ഓയിലും 122 ഗ്രാം കഞ്ചാവും കാസര്‍കോട് എക്‌സൈസ് റേഞ്ചിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെ ജോസഫും സംഘവും പ്രതിയെ പിടികൂടിയത്. ഇയാള്‍ക്കെതിരെ എന്‍ഡിപിഎസ് നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. പിടിച്ചെടുത്ത 212 ഗ്രാം ഹാഷിഷ് ഓയിലിന് ഏകദേശം 1,50,000 രൂപയും 122 ഗ്രാം കഞ്ചാവിന് ഏകദേശം 50,000 രൂപയും വിലമതിക്കുമെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു.
മാസങ്ങളായി അശ്കര്‍ അലിയെ എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയിലെ പ്രിവന്റീവ് ഓഫീസര്‍ ബിജോയ്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വിനോദന്‍ കെ വി, പ്രിവന്റീവ് ഓഫീസര്‍ രഞ്ജിത്ത് കെവി നിരീക്ഷിച്ചു വരികയായിരുന്നു. പരിശോധനയില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വിനോദന്‍ കെവി, പ്രിവന്റ്റ്റീവ് ഓഫീസറായ രഞ്ജിത് കെവി, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ഗീത ടിവി, സിവില്‍ എക്‌സൈസ് ഓഫീസര്‍ പ്രശാന്ത് കുമാര്‍ എവി, കണ്ണന്‍കുഞ്ഞി ടി, അമല്‍ജിത് സിഎം, അജയ് ടിസി, എക്‌സൈസ് ഡ്രൈവര്‍ മൈക്കിള്‍ എന്നിവരുമുണ്ടായിരുന്നു.
Post a Comment
0 Comments