അമേരിക്കയിലെ വിസ്കോൻസെനിൽ തന്റെ അമ്മക്കെതിരെ പൊലീസിൽ പരാതിയുമായി നാലുവയസുകാരൻ. അമ്മ തന്റെ ഐസ്ക്രീം എടുത്ത് കഴിച്ചതിനാണ് പരാതിയുമായി നാലു വയസുകാരൻ പൊലീസിനെ സമീപിച്ചത്. അമ്മ ചെയ്തത് ക്ഷമിക്കാനാകാത്ത തെറ്റാണെന്നും അമ്മയെ അറസ്റ്റ് ചെയ്യണമെന്നുമായിരുന്നു നാലുവയസുകാരന്റെ ആവശ്യം.
വിസ്കോൻസെനിലെ മൗണ്ട് പ്ലസന്റ് ഗ്രാമത്തിലെ ഒരു വീട്ടിൽ നിന്നാണ് നാലു വയസുകാരൻ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചത്. അമ്മ തന്റെ ഐസ്ക്രീം എടുത്ത് കഴിച്ചെന്നും ഇത് ക്ഷമിക്കാനാകാത്ത തെറ്റാണെന്നും അമ്മയെ അറസ്റ്റ് ചെയ്യണം എന്നുമായിരുന്നു നാലുവയസുകാരന്റെ ആവശ്യം. എന്നാൽ, കേസ് അന്വേഷിക്കാൻ പൊലീസ് വീട്ടിലെത്തിയതോടെ പരാതിക്കാരന്റെ മനസ് മാറുകയും ചെയ്തു.
തന്റെ ഐസ്ക്രീം അമ്മ കഴിച്ചതിൽ ദേഷ്യമുണ്ടെന്നും എന്നാൽ അതിന്റെ പേരിൽ അമ്മ ജയിലിൽ പോകുന്നത് കാണാൻ ആഗ്രഹിക്കുന്നില്ലെന്നും കുട്ടി പൊലീസിനോട് പറഞ്ഞു. സംഭവത്തിന് തൊട്ടടുത്ത ദിവസം വനിത പൊലീസ് ഉദ്യോഗസ്ഥർ വീണ്ടും കുട്ടിയുടെ വീട്ടിലെത്തി. ഇക്കുറി പരാതിക്കാരന് നൽകാൻ കയ്യിൽ ഐസ്ക്രീമും അവർ കരുതിയിരുന്നു. രസകരമായ സംഭവം മൗണ്ട് പ്ലസന്റ് പൊലീസ് ഡിപ്പാട്ട്മെന്റാണ് സമൂഹ മാധ്യമത്തിൽ പങ്കുവച്ചതോടെ നിമിഷം നേരം കൊണ്ട് പോസ്റ്റ് വൈറലായി.