കണ്ണൂരില്‍ കര്‍ഷകനെ ആക്രമിച്ച കാട്ടുപന്നിയെ കൊന്ന് നാട്ടുകാർ. പാനൂര്‍ വള്ള്യായി സ്വദേശി ശ്രീധരന്റെ മരണത്തിന് പിന്നാലെയാണ് നാട്ടുകാർ കാട്ടുപന്നിയെ കൊന്നത്. ചെണ്ടയാട്ടെ കൃഷിയിടത്തില്‍ ആണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. ഇന്ന് രാവിലെയാണ് സംഭവം. തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഇതിനു മുന്‍പും പ്രദേശത്ത് കാട്ടുപന്നിയുടെ ആക്രമണമുണ്ടായിരുന്നതായാണ് അറിയുന്നത്.
വള്ള്യായി സ്വദേശിയാണെങ്കിലും ചെണ്ടയാട്ടാണ് ശ്രീധരന്റെ കൃഷിയിടമുള്ളത്. രാവിലെ അവിടെ കൃഷി പണിക്കായി പോയതായിരുന്നു. ഇവിടെ വച്ച് ആക്രമിക്കപ്പെടുകയായിരുന്നു. ദേഹമാസകലം ദുരുതരമായി പരുക്കേറ്റ് ചോരയില്‍ മുങ്ങിയ നിലയിലായിരുന്നു ശ്രീധരനെ കണ്ടെത്തിയത്.