കാസര്‍കോട്: സര്‍വ്വ മേഖലകളെയും തൊട്ടുണര്‍ത്തുന്നതും നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്നതുമായ 2025-26 വര്‍ഷത്തെ കാസര്‍കോട് നഗരസഭയുടെ ബജറ്റ് വൈസ് ചെയര്‍പേഴ്‌സണ്‍ ഷംസീദ ഫിറോസ് അവതരിപ്പിച്ചു. 73.79 കോടി രൂപ വരവും 67.24 കോടി രൂപ ചെലവും 6.54 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. ചെയര്‍മാന്‍ അബ്ബാസ് ബീഗം അദ്ധ്യക്ഷത വഹിച്ചു. നഗരത്തിന്റെ അടിസ്ഥാന സൗകര്യ വികസനം മുന്നില്‍കണ്ട് മുഴുവന്‍ വാര്‍ഡുകളിലെയും റോഡ്, ഓവുചാല്‍, നടപ്പാത എന്നിവ പുനരുദ്ധാരണം നടത്തുന്നതിന് വേണ്ടി 6.17 കോടി രൂപയുടെ പദ്ധതികള്‍ ബജറ്റില്‍ തയ്യാറാക്കിയിട്ടുണ്ട്. തെരുവ് വിളക്കുകളുടെ പരിപാലനം, തെരുവ് വിളക്ക് വൈദ്യുതി ചാര്‍ജ് ഒടുക്കല്‍, തെരുവ് വിളക്ക് വൈദ്യുതി ലൈന്‍ ദീര്‍ഘികപ്പിക്കല്‍ എന്നീ പദ്ധതികള്‍ക്കായി 2.63 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കറന്തക്കാട് - റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ വീതിയുള്ള ഭാഗങ്ങളില്‍ ഡിവൈഡറുകള്‍ സ്ഥാപിക്കാനും അതില്‍ അലങ്കാര ലൈറ്റുകള്‍ സ്ഥാപിക്കാനും നടപടികള്‍ സ്വീകരിക്കും.
കാര്‍ഷിക മേഖലയുടെ വികസനത്തിനായി ഉല്‍പാദന മേഖലയില്‍ കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തെങ്ങ് കൃഷിക്ക് ജൈവവളം, കവുങ്ങ് കൃഷിക്ക് ജൈവവളം, വാഴ കൃഷി, നെല്‍കൃഷി കൂലി ചെലവ്, പച്ചക്കറി കൃഷി വികസനം എന്നീ പദ്ധതികള്‍ക്കായി കാര്‍ഷിക മേഖലയിലേക്ക് ആകെ 47 ലക്ഷം രൂപ ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്. കൂടാതെ ''പാങ്ങുള്ള പഴത്തോട്ടം, ചേലുള്ള പൂന്തോട്ടം'' എന്ന പദ്ധതിക്ക് ഈ വര്‍ഷം തുടക്കം കുറിക്കും. തരിഷായ കൃഷിഭൂമി പാട്ടത്തിനോ അല്ലാതെയോ കൃഷി ആവശ്യത്തിന് ഉപയോഗപ്പെടുത്തുന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. ഡ്രാഗണ്‍, റമ്പൂട്ടാന്‍, പപ്പായ പോലുള്ള ഫല കൃഷികളും മുല്ലപ്പൂ, ചെണ്ടുമല്ലി പോലുള്ള പൂ കൃഷികളും ഈ പദ്ധതിയിലൂടെ നടപ്പിലാക്കും. നഗരസഭയുടെ എല്ലാ വാര്‍ഡുകളിലും അയല്‍ക്കൂട്ട അംഗങ്ങളുടെ സഹായത്തോടെ കൃഷി ചെയ്യുന്നതിനും അതില്‍ നിന്നും വിളവെടുത്ത് ആഴ്ചയില്‍ ഒരു ദിവസം കാര്‍ഷിക ചന്ത നടത്തുകയും വാര്‍ഡിലെ തെരഞ്ഞെടുത്ത ഒരു സ്ഥലം ''കാര്‍ഷിക പോയിന്റ്'' എന്ന നിലയില്‍ പ്രഖ്യാപിക്കുകയും ചെയ്യും.
നഗരസഭ പരിധിയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് എല്ലാ പദ്ധതികളില്‍ ഉള്‍പ്പെടുത്തുന്ന എസ്.എസ്.കെ വിഹിതം നല്‍കല്‍, സ്‌കൂളുകളുടെ അറ്റകുറ്റ പ്രവര്‍ത്തികള്‍, സ്‌കൂളുകള്‍ക്ക് ഫര്‍ണിച്ചര്‍ വാങ്ങല്‍, പാത്രങ്ങള്‍ വാങ്ങല്‍, ലൈബ്രറിക്ക് പുസ്തകം വാങ്ങല്‍, സ്‌കൂളുകളുടെ വൈദ്യുതി ബില്‍ അടവാക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ മത്സര പരീക്ഷകള്‍ക്കുള്ള കോച്ചിംഗ്, സ്റ്റുഡന്‍സ് പോലീസ് കേഡറ്റിന് ധനസഹായം, തീരദേശ മേഖലകളിലെ കുട്ടികളെ സ്‌കൂളുകളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായുള്ള ''ബീച്ച് ടു ബെഞ്ച് പദ്ധതി'', ജില്ലാ പോലീസിന്റെ എല്‍.പി, യു.പി വിദ്യാര്‍ത്ഥികള്‍ക്കായുള്ള ലഹരിക്കെതിരായ ''ഇതള്‍ പദ്ധതി'' തുടങ്ങിയവയ്ക്ക് ഈ വര്‍ഷ പദ്ധതിയില്‍ 1.7 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
നഗരസഭയിലെ വനിതകളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുന്നതിന് വേണ്ടി അലക്ക് യൂണിറ്റ്, ബാന്‍ഡ് ആന്റ് മ്യൂസിക് സെറ്റ്, ഓര്‍ണമെന്റ്‌സ് യൂണിറ്റ്, ടൈലറിങ് ആന്റ് ഫാഷന്‍ ഡിസൈനിങ് എന്നീ പദ്ധതികള്‍ അടക്കം വിവിധ വനിതാക്ഷേമ പ്രവൃത്തികള്‍ക്കായി 50 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. കൂടാതെ ഈ വര്‍ഷം വനിതകള്‍ക്കായി ''ഫുഡ് ഫെസ്റ്റ്'' സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. കായിക പ്രോത്സാഹനത്തിന്റെ ഭാഗമായി അംഗീകൃത ക്ലബ്ബുകള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റ്, സ്‌കൂളുകള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റ്, സ്‌കൂളുകളിലെ ഗ്രൗണ്ട് നവീകരണം, ക്രിക്കറ്റ് പരിശീലനത്തിന് ക്രിക്കറ്റ് നെറ്റ്‌സ്, ഫുട്‌ബോള്‍, ക്രിക്കറ്റ്, വോളിബോള്‍ എന്നിവയില്‍ ചെയര്‍മാന്‍സ് ട്രോഫി ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയവയ്ക്ക് ഈ വര്‍ഷ പദ്ധയിയില്‍ തുക വകയിരുത്തിയിട്ടുണ്ട്.
''ആരോഗ്യമുള്ള സമൂഹം നാടിന്റെ സമ്പത്ത്'' എന്ന നിലയില്‍ പൊതുജനാരോഗ്യരംഗത്ത് പരിമിതികള്‍ക്കിടയില്‍ നിന്നും ശ്രദ്ധേയമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. സാധാരണക്കാരന് പ്രാപ്യമായ വിദഗ്ധ ചികിത്സ ഏര്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അലോപ്പതി, ആയുര്‍വേദം, ഹോമിയോ എന്നീ ആശുപത്രികളെ മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനും ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും മരുന്ന് വാങ്ങല്‍, പാലിയേറ്റീവ് കെയര്‍ എന്നീ പദ്ധതികള്‍ക്കും ആരോഗ്യ മേഖലയിലേക്ക് രണ്ടുകോടി രൂപ നീക്കിവെച്ചിട്ടുണ്ട്. കൂടാതെ അര്‍ബന്‍ പി.എച്ച്.സിയുടെ പ്രവര്‍ത്തനത്തിനും മൂന്ന് അര്‍ബന്‍ ഹെല്‍ത്ത് & വെല്‌നിസ്സ് സെന്ററുകളുടെ പ്രവര്‍ത്തനത്തിന് വേണ്ടിയും 50 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്. എച്ച്.ഐ.വി ബാധിതര്‍ക്ക് പോഷകാഹാരം, ടി.വി രോഗികള്‍ക്ക് പോഷകാഹാരം, ഡയാലിസിസ് രോഗികള്‍ക്ക് സഹായം എന്നിവയ്ക്കും ഈ വര്‍ഷവും തുക വകയിരുത്തിയിട്ടുണ്ട്. കൂടാതെ ആയുര്‍വേദ ആശുപത്രിയില്‍ നെറ്റ്വര്‍ക്ക് സംവിധാനം ഒരുക്കുന്നതിന് ഒരു ലക്ഷത്തി അമ്പതിനായിരം രൂപയും നീക്കിവെച്ചിട്ടുണ്ട്.
മാലിന്യ നിര്‍മാര്‍ജ്ജന, ശുചിത്വ മേഖലയില്‍ കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ (KSWMP) ഭാഗമായി കാസര്‍കോട് നഗരസഭയിലെ കേളുഗുഡ്ഡെയിലുള്ള ഡംപ്പ്‌സൈറ്റ് ബയോറെമഡിയേഷന്‍ ചെയ്ത് ഭൂമി വീണ്ടെടുക്കുന്ന 3.53 കോടി രൂപയുടെ പ്രവൃത്തികളും കാസര്‍കോട് നഗരസഭയും ശുചിത്വ മിഷനും സംയുക്തമായി അനുവദിച്ച 97 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ച് കാസര്‍കോട് നഗരസഭ വിദ്യാനഗര്‍ ഇന്റസ്ട്രിയല്‍ എസ്റ്റേറ്റില്‍ നിര്‍മ്മിക്കുന്ന റിസോഴ്സ് റിക്കവറി ഫെസിലിറ്റി (ആര്‍.ആര്‍.എഫ്) കെട്ടിടത്തിന്റെ പ്രവൃത്തികളും നടന്നു വരികയാണ്. കൂടാതെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് (എസ്.ടി.പി) ഒരുക്കുന്നതിനും ഈ വര്‍ഷം നടപടികള്‍ സ്വീകരിക്കും. നഗരസഭയെ സമ്പൂര്‍ണ്ണ മാലിന്യ മുക്ത നഗരസഭയാക്കി മാറ്റുകയാണ് ഇത്തരം പദ്ധതികളിലൂടെ നഗരസഭ ലക്ഷ്യം വെക്കുന്നത്.
വിദ്യാനഗര്‍ ഇന്റസ്ട്രിയല്‍ എസ്റ്റേറ്റിലെ റിജെക്റ്റഡ് വേസ്റ്റ് നീക്കം ചെയ്യല്‍ പ്രവൃത്തിക്ക് 25 ലക്ഷവും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍, തൊഴിലാളികള്‍ക്കുള്ള സുരക്ഷാ ഉപകരണങ്ങള്‍, ഹരിത കര്‍മ്മ സേനയ്ക്ക് ഉപകരണം, യൂണിഫോം എന്നിവ വാങ്ങുന്നതിന് 8,50,000 രൂപയും വകയിരുത്തിയിട്ടുണ്ട്. നഗരപ്രദേശത്തെ ഭിന്നശേഷിയുള്ള മുഴുവന്‍ ആളുകള്‍ക്കും പെന്‍ഷന്‍ ആനുകൂല്യം ഉറപ്പു വരുത്തുന്നതോടൊപ്പം ഭിന്നശേഷി സ്‌കോളര്‍ഷിപ്പ്, കോക്ലിയര്‍ ഇംപ്ലാന്റ്, വീല്‍ചെയര്‍ തുടങ്ങിയവയ്ക്കുള്ള ആനുകൂല്യം തുടരുന്നതിനും ഇപ്രാവശ്യവും നടപടി സ്വീകരിക്കും. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി മുപ്പത് ലക്ഷത്തി അമ്പതിനായിരം രൂപ വകയിരുത്തിയിട്ടുണ്ട്.
നഗരസഭയില്‍ 2016-17 വര്‍ഷത്തില്‍ ആരംഭിച്ച പി.എം.എ.വൈ ലൈഫ് ഭവന പദ്ധതിയില്‍ ആകെ 10 ഡി.പി.ആറുകളാണ് ഇതുവരെ നിലവിലുള്ളത്. ഇതുവരെയായി ഡിപിആറില്‍ ഉള്‍പ്പെട്ട 391 കുടുംബങ്ങളുടെ ഭവന നിര്‍മ്മാണത്തിന് ആരംഭം കുറിക്കുകയും 356 ഗുണഭോക്താക്കള്‍ എഗ്രിമെന്റ് ഒപ്പുവെച്ച് നിര്‍മ്മാണം ആരംഭിക്കുകയും 238 ഭവനങ്ങള്‍ പൂര്‍ത്തീകരിക്കാനും സാധിച്ചിട്ടുണ്ട്. ഫണ്ട് യഥാസമയം ലഭിക്കാത്തതുകൊണ്ടും സി.ആര്‍.സെഡ്, റെയില്‍വെ അതിര്‍ത്തി പോലുള്ള സാങ്കേതിക പ്രശ്‌നത്തിലും പെട്ട് എഗ്രിമെന്റ് വെക്കാന്‍ പറ്റാത്തതും വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ പറ്റാത്തതും വലിയൊരു പ്രയാസമായി നിലകൊള്ളുകയാണ്. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ രണ്ട് കോടി മുപ്പത്തി രണ്ട് ലക്ഷം രൂപ പി.എം.എ.വൈ പദ്ധതിക്കായി വകയിരുത്തിയിട്ടുണ്ട്. പട്ടികജാതി പട്ടികവര്‍ഗ്ഗ കുടുംബങ്ങളുടെ ക്ഷേമപ്രവര്‍ത്തനത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും കോളനി സമഗ്ര വികസനത്തിനും അവരുടെ ജീവിത നിലവാരം ഉയര്‍ത്തിക്കൊണ്ടുവരുന്നതിനും വേണ്ടി ഒരുകോടി 15 ലക്ഷം രൂപയും പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പഠന മുറി ഒരുക്കുന്നതിന് 4 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
നഗരസഭ വെറ്ററിനറി കേന്ദ്രത്തിലേക്ക് ഓഫീസ് കണ്‍സ്യൂമബള്‍സ് വാങ്ങല്‍, മരുന്നുകള്‍ വാങ്ങല്‍, ധാതുലവണ മിശ്രിതങ്ങളും വിരമരുന്ന് വിതരണവും, മൊബൈല്‍ വെറ്ററിനറി യൂണിറ്റ് ശാക്തീകരണം തുടങ്ങിയ പ്രവര്‍ത്തികള്‍ക്ക് 24 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. നഗരസഭയിലെ ആറോളം വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന തീരദേശ മേഖലകളില്‍ നിരവധി മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ അധിവസിക്കുന്നുണ്ട്. മത്സ്യത്തൊഴിലാളികളുടെ വിദ്യാര്‍ഥികളായ മക്കള്‍ക്ക് ലാപ്‌ടോപ് വാങ്ങല്‍, ഫര്‍ണിച്ചര്‍ വാങ്ങല്‍ തുടങ്ങിയ പദ്ധതികള്‍ 2024-25 വര്‍ഷ പദ്ധതിയില്‍ വിജയകരമായി നടപ്പിലാക്കിയിരുന്നു. 2025-26 വര്‍ഷത്തിലും ഈ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ഏഴ് ലക്ഷത്തി തൊണ്ണൂറ്റി എട്ടായിരം രൂപ വകയിരുത്തിയിട്ടുണ്ട്. വയോജനങ്ങളുടെ ക്ഷേമത്തിന് വയോജനങ്ങള്‍ക്ക് ഉല്ലാസ യാത്ര, വയോജനങ്ങള്‍ക്ക് പോഷകാഹാരം തുടങ്ങിയ പദ്ധതികള്‍ക്കായി 2025-26 വാര്‍ഷിക പദ്ധതിയില്‍ 13 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
ടൂറിസം വികസനത്തിന്റെ ഭാഗമായി അമൃത് 2.O പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി 75.5 ലക്ഷം രൂപ ചെലവില്‍ കാസര്‍കോട് നെല്ലിക്കുന്ന് ബീച്ചില്‍ നിര്‍മ്മിക്കുന്ന ബീച്ച് പാര്‍ക്ക് പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചിരിക്കുകയാണ്. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെയും കാസര്‍കോട് നഗരസഭയുടെയും സംയുക്ത പദ്ധതിയാണ് ബീച്ച് പാര്‍ക്ക്. കൂടാതെ തളങ്കര പടിഞ്ഞാര്‍ പഴയ ഹാര്‍ബറില്‍ ആധുനിക രീതിയിലുള്ള റിസോര്‍ട്ട്, ഫുട്‌ബോള്‍ ഗ്രൗണ്ട്, കഫേ, ഫോട്ടോ പോയിന്റ്, ഓപ്പണ്‍ സ്റ്റേജ്, ഫിഷിംഗ് പോയിന്റ് തുടങ്ങിയവ ഉള്‍പ്പെടുന്ന വലിയ പദ്ധതിക്കും നഗരസഭ ഒരുങ്ങുകയാണ്.
നഗരസഭയുടെ മഹാത്മാഗാന്ധി സെന്റിനറി ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ വാങ്ങുന്നതിന് തുക വകയിരുത്തിയിട്ടുണ്ട്. മഹാത്മാഗാന്ധി സെന്റിനറി ലൈബ്രറി കൂടുതല്‍ ആകര്‍ഷകമാക്കുന്നതിന് വേണ്ടി ആധുനിക രീതിയിലുള്ള ഓപ്പണ്‍ റീഡിംഗ് റൂം ലൈബ്രറിക്ക് പുറത്തായി നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കൂടാതെ ലൈബ്രറിയില്‍ സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് സ്റ്റേജ് നിര്‍മ്മാണത്തിനും തുക വകയിരുത്തിയിട്ടുണ്ട്. കൂടാതെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന രീതിയില്‍ നെല്ലിക്കുന്ന് ബീച്ചില്‍ ബീച്ച് ഫെസ്റ്റ് സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ബീച്ച് ഫെസ്റ്റിന്റെ ഭാഗമായി സാംസ്‌കാരിക പരിപാടികള്‍, ബുക്ക് ഫെയര്‍, വിവിധ കായിക മത്സരങ്ങള്‍, ഫുഡ് ഫെസ്റ്റിവല്‍ തുടങ്ങിയവ ഒരുക്കും.
2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭയിലെ 49 അംഗനവാടികളിലേക്ക് മിക്‌സര്‍ ഗ്രൈന്റര്‍, കുക്കര്‍, വേയിംഗ് മെഷീന്‍ തുടങ്ങിയവ നല്‍കിയിരുന്നു. കൂടാതെ അംഗനവാടി മുഖേനയുള്ള അനുപൂരക പോഷകാഹാര വിതരണം, ഫര്‍ണിച്ചര്‍, പാത്രങ്ങള്‍ വാങ്ങല്‍ തുടങ്ങിയ പദ്ധതികള്‍ എല്ലാ വര്‍ഷമവും നടപ്പിലാക്കി വരുന്നുണ്ട്. 2025 - 26 പദ്ധതിയില്‍ അങ്കണവാടി കുട്ടികള്‍ക്ക് കലോത്സവം, കുട്ടികള്‍ക്ക് ഏകീകൃത യൂണിഫോമും ബാഗും, അങ്കണവാടിയില്‍ എ.സി സ്ഥാപിക്കല്‍ തുടങ്ങിയവയ്ക്കായി 74 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
മൃഗസംരക്ഷണം, വനിതാ വികസനം, കുടുംബശ്രീ, വിദ്യാഭ്യാസം, കായികം, ആരോഗ്യം, കലാ-സാംസ്‌കാരികം, ഭിന്നശേഷിക്കാരുടെ ക്ഷേമം, ചെറുകിട വ്യവസായം, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി, പി.എം.എ.വൈ-ലൈഫ്, പട്ടികജാതി-പട്ടികവര്‍ഗ്ഗം, മത്സ്യബന്ധനം തുടങ്ങിയ എല്ലാ മേഖലകളിലും ആവശ്യമായ വികസന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുമെന്നും ബജറ്റില്‍ പറയുന്നു. സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ സഹീര്‍ ആസിഫ്, റീത്ത ആര്‍, ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, രജനി കെ, കൗണ്‍സിലര്‍മാര്‍, നഗരസഭാ സെക്രട്ടറി അബ്ദുല്‍ ജലീല്‍ ഡി.വി, നഗരസഭാ എഞ്ചിനീയര്‍ പ്രസീജ ആര്‍, ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.
Post a Comment
0 Comments