കാസര്‍കോട്: കോഴിക്കോട്ടെ സ്വര്‍ണാഭരണ നിര്‍മാതാവില്‍ നിന്നു തട്ടിയെടുത്ത 150 ഗ്രാം സ്വര്‍ണവുമായി മുംബൈയിലേക്ക് രക്ഷപ്പെടുന്നതിനിടയില്‍ യുവതികള്‍ കാഞ്ഞങ്ങാട്ട് പിടിയില്‍. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ബാബു പെരിങ്ങോത്ത്, ഇന്‍സ്പെക്ടര്‍ പി. അജിത്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പുതിയ കോട്ട ടൗണില്‍ കാര്‍ തടഞ്ഞാണ് യുവതികളെ കസ്റ്റഡിയിലെടുത്തത്. മുംബൈ ജോഗേഷ് വാരി, സമര്‍ത്ഥ് നഗറിലെ ശ്രദ്ധ രമേശ് എന്ന ഫിര്‍ദ്ധ (37), മുംബൈ വാദറ രഞ്ജുഗന്ധ് നഗറിലെ സല്‍മാ ഖാദര്‍ ഖാന്‍ (42) എന്നിവരാണ് പിടിയിലായത്.
കോഴിക്കോട് നല്ലളം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. നല്ലളത്തെ ഹനീഫയുടെ പരാതിയില്‍ ആണ് കേസ്. 18 ലക്ഷത്തോളം രൂപയുടെ സ്വര്‍ണവുമായി കടന്നെന്ന വിവരം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ചതോടെ ജില്ലാ അതിര്‍ത്തി മുതല്‍ പൊലീസ് ജാഗ്രത പാലിച്ചു നില്‍ക്കുകയായിരുന്നു. ബസില്‍ വരുന്നുണ്ടെന്ന് വിവരവും ലഭിച്ചതിനെ തുടര്‍ന്ന് ബസുകളും പരിശോധിച്ചു. അതിനിടെയാണ് സന്ധ്യയോടെ സംശയ സാഹചര്യത്തില്‍ പുതിയ കോട്ടയിലേക്ക് കാര്‍ കടന്നുവന്നത്. രഹസ്യ വിവരം ലഭിച്ചാണ് ഡി.വൈ.എസ്.പിയും ഇന്‍സ്പെക്ടറും പുതിയ കോട്ട ടൗണില്‍ കാത്തുനിന്നത്. യുവതികളെ കൂടാതെ ഡ്രൈവറും കാറില്‍ ഉണ്ടായിരുന്നു. യുവതികളെ കസ്റ്റഡിയിലെടുത്ത വിവരമറിഞ്ഞ് നല്ലളം പൊലീസ് കാഞ്ഞങ്ങാടെത്തി ഇവരെ കൊണ്ടുപോയി. കണ്ണൂര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പൊലീസ് ഇവര്‍ക്കായി വല വിരിച്ചിരുന്നെങ്കിലും കണ്ണ് വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. യുവതികള്‍ ബസില്‍ യാത്ര ചെയ്യുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഹോസ്ദുര്‍ഗ് സ്റ്റേഷനിലെ ജൂനിയര്‍ എസ്‌ഐ വരുണിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് സൗത്തില്‍ വാഹന പരിശോധന നടത്തുകയായിരുന്നു. ഇതിനിടെ എത്തിയ കോഴിക്കോട് രജിസ്‌ട്രേഷനിലുള്ള ടാക്‌സി കാര്‍ പരിശോധിച്ചപ്പോഴാണ് യുവതികള്‍ പിടിയിലായത്. മംഗളൂരുവിലെത്തി വിമാനത്തില്‍ മുംബൈയിലേക്ക് പോകാനായിരുന്നു ഇവരുടെ നീക്കം.