കാന്‍സര്‍ വേദന സംഹാരി മരുന്നുകളെ ലഹരിമരുന്ന് പട്ടികയിലാക്കാനുള്ള സുപ്രധാന നീക്കവുമായി കേരള പൊലീസും എക്‌സൈസും. സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ഓപ്പറേഷന്‍ സ്ലേറ്റ് നടപ്പാക്കി ശക്തമായ നടപടികള്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് സംസ്ഥാന പൊലീസും എക്‌സൈസും ലഹരി ഉപയോഗം നിയന്ത്രിക്കാന്‍ എന്തൊക്കെ ചെയ്യാനാകുമെന്ന് ആലോചിക്കുന്നത്. കാന്‍സര്‍ രോഗികളുടെ തീരാ വേദനയ്ക്ക് പരിഹാരമായി ഉപയോഗിക്കുന്ന വേദനസംഹാരികള്‍ ചെറുപ്പക്കാര്‍ വ്യാപകമായി ദുരുപയോഗിക്കുന്നത് കണ്ടെത്തിയതോടെയാണ് കാന്‍സര്‍ വേദന സംഹാരികള്‍ ലഹരി മരുന്ന് പട്ടികയിലേക്ക് ഉള്‍പ്പെടുത്താനുള്ള സാധ്യത പൊലീസ് സന്നാഹം ആരായുന്നത്.
കാന്‍സര്‍ രോഗികള്‍ക്ക് നല്‍കുന്ന വേദനസംഹാരി മരുന്നുകള്‍ ലഹരിമരുന്ന് പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം ഇന്ന് ചേര്‍ന്ന പോലീസ്- എക്സൈസ് സംയുക്ത യോഗത്തിലാണ് തീരുമാനമായത്. കാന്‍സര്‍ വേദന സംഹാരി മരുന്നുകള്‍ ലഹരിയ്ക്കായി ഉപയോഗിക്കുന്നത് സംസ്ഥാനത്തെ ചെറുപ്പക്കാര്‍ വ്യാപകമാക്കിയതായി കണ്ടെത്തിയതോടെയാണ് മരുന്നുകളുടെ ദുരുപയോഗം തടയാനുള്ള തീരൂമാനത്തിലേക്ക് ക്രമസമാധാന സംവിധാനമെടുത്തത്. നിര്‍ദേശം ആരോഗ്യവകുപ്പിനെ അറിയിച്ച് നടപടികളിലേക്ക് കടക്കാനാണ് പൊലീസ്- എക്‌സൈസ് തീരുമാനം. മരുന്നിന്റെ ദുരുപയോഗം തടയാന്‍ ഡ്രഗ് കണ്‍ട്രോളര്‍ക്ക് കത്തയയ്ക്കാനും യോഗത്തില്‍ തീരുമാനമെടുത്തു.