കാസര്‍കോട്: കുട്ടികളിലെ ലഹരി ഉപയോഗം ജില്ലയില്‍ കൂടിവരികയാണെന്നും ലഹരിക്ക് അടിമപ്പെട്ടുപോകുന്ന കുട്ടികള്‍ക്ക് സൗജന്യ ചികിത്സയും കൗണ്‍സിലിംങും നല്‍കി സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ആവശ്യമായ ഡീ അഡിക്ഷന്‍ സെന്ററുകള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ഇതു പരിഹരിക്കാനായി ജില്ലയിലെ ഓരോ നിയോജക മണ്ഡലത്തിലും ഇത്തരം സെന്ററുകള്‍ ആരംഭിക്കണമെന്നും ചൈല്‍ഡ് കെയര്‍ ആന്റ് വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ ജില്ലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.
ഡീ അഡിക്ഷന്‍ സെന്ററുകളില്‍ കുട്ടികളിലെ ഫോണ്‍ അഡിക്ഷന്‍ ഉള്‍പ്പടെ മാറ്റാനുള്ള കൗണ്‍സിലിംഗ് സൗകര്യങ്ങളും ഒരുക്കണം. ജില്ലയിലെ സര്‍ക്കാര്‍ ജനറല്‍ ആശുപത്രി, ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ ഇത്തരം സൗകര്യങ്ങള്‍ ഒരുക്കുന്നതിലൂടെ സര്‍ക്കാരിനുണ്ടാകുന്ന അമിത സാമ്പത്തിക ചിലവ് ഇല്ലാതാക്കാന്‍ പറ്റുമെന്നും സി.സി ഡബ്ലൂ.ഒ ഭാരവാഹികള്‍ അറിയിച്ചു. കാഞ്ഞങ്ങാട് എലൈറ്റ് ടൂറിസ്റ്റ് ഹോമില്‍ നടന്ന ജില്ലാ കണ്‍വന്‍ഷന്‍ ഹൊസ്ദുര്‍ഗ് എക്‌സൈസ് സബ് ഇന്‍സ്പെക്ടര്‍ പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു.
സി.സി.ഡബ്ലൂ.ഒ സംസ്ഥാന കമ്മിറ്റി ചെയര്‍മാന്‍ അനൂപ് കുമാര്‍ തിരുവനന്തപുരം അധ്യക്ഷത വഹിച്ച യോഗത്തില്‍ ദേശീയ ഭരണ സമിതി പ്രസിഡന്റ് സുനില്‍ മളിക്കാല്‍ മുഖ്യപ്രഭാഷണം നടത്തി. ദേശീയ ഭരണ സമിതി വൈസ് പ്രസിഡന്റ് ഉമ്മര്‍ പാഡലടുക്ക, സംസ്ഥാന കമ്മിറ്റി ഭാരവാഹികളായ അഡ്വ. രമേശ് ഭായ്, ബദ്‌റുദീന്‍ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി കണ്‍വീനര്‍ മുഹമ്മദ് അനീഷ് തിരൂര്‍ സ്വഗതവും ദേശീയ ഭരണ സമിതി അംഗവും ജില്ലാ ഇന്‍ചാര്‍ജുമായ ജയപ്രസാദ് നന്ദിയും അറിയിച്ചു. ചൈല്‍ഡ് കെയര്‍ ആന്റ് വെല്‍ഫയര്‍ ഓര്‍ഗനൈസേഷന്‍ ജില്ലാ ചെയര്‍മാനായി ബി. അഷറഫ് ബോവിക്കാനം, കണ്‍വീനറായി സുരേഷ് കുമാര്‍, ട്രഷററായി മനു മാത്യു എന്നിവരെ യോഗം തിരഞ്ഞെടുത്തു