കാസര്‍കോട്: പത്താം ക്ലാസുകാരുടെ സെന്റോഫ് പാര്‍ട്ടി ആഘോഷമാക്കാന്‍ കഞ്ചാവും. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സ്‌കൂളിലാണ് സെന്റോഫ് പാര്‍ട്ടിക്കായി കഞ്ചാവ് എത്തിച്ചത്. വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തിയ ആളെ പൊലീസ് പിടികൂടി. കളനാട് സ്വദേശി സമീറിനെ (34)യാണ് പൊലീസ് പിടികൂടിയത്. സെന്റോഫ് പാര്‍ട്ടിക്കിടെ കഞ്ചാവ് ഉപയോഗിക്കുകയും കൈവശം വെക്കുകയും ചെയ്തതിന് വിദ്യാര്‍ഥികള്‍ക്കെതിരെ സോഷ്യല്‍ ബാക്ക്ഗ്രൗണ്ട് റിപ്പോര്‍ട്ട് തയാറാക്കി. സംഭവത്തില്‍ എന്‍.ഡി.പി.എസ് ആക്ട് പ്രകാരവും ജുവനൈല്‍ ജസ്റ്റിസ് ആക്ട് 77 പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തു. പിടികൂടുന്നതിനിടെ പൊലീസിനെ ആക്രമിച്ചതിന് സമീറിനെതിരെ മറ്റൊരു കേസ് കൂടി പൊലീസ് രജിസ്റ്റര്‍ ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഭക്തശൈവന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനെ കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്ന രഹസ്യവിവരം പൊലീസിന് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ്പയുടെ നിര്‍ദ്ദേശ പ്രകാരം ലഹരിവിരുദ്ധ സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് സെന്റോഫ് പാര്‍ട്ടിക്ക് ലഹരി ഉപയോഗമുണ്ടെന്ന വിവരം സ്ഥിരികരിക്കുകയും കാസര്‍കോട് ഡിവൈഎസ്പി സി.കെ സുനില്‍ കുമാറിന്റെ മേല്‍നോട്ടത്തില്‍ സബ് ഇന്‍സ്പെക്ടര്‍ പ്രദീഷ് കുമാറും സംഘവും സ്‌കൂളില്‍ പരിശോധന നടത്തുകയും സംശയം തോന്നിയ വിദ്യാര്‍ഥികളെ പരിശോധിച്ചതില്‍ കഞ്ചാവ് കണ്ടെത്തുകയുമായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് നല്‍കിയ സമീറിന്റെ പേര് പുറത്തുവന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പനയ്‌ക്കെതിരെ നടപടികള്‍ ശക്തമാക്കി പൊലീസ്.
Post a Comment
0 Comments