കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജമാല്‍ അഹ്‌മദ് കെജിഎംഒഎ യുടെ അഡ്മിനിസ്റ്ററേറ്റിവ് കേഡറിലുള്ള ഡോക്ടര്‍മാര്‍ക്കുള്ള സംസ്ഥാന തല ബെസ്റ്റ് ഡോക്ടര്‍ അവാര്‍ഡിന് അര്‍ഹനായി. ഹെല്‍ത്ത് സര്‍വീസില്‍ മെഡിക്കല്‍ ഓഫീസര്‍, സുപ്രണ്ട് എന്നീ നിലകളില്‍ വിവിധ സ്ഥാപനങ്ങളില്‍ അദ്ദേഹം നടത്തിയ സേവനങ്ങള്‍ മുന്‍ നിര്‍ത്തിയാണ് അവാര്‍ഡ്.
നിലവില്‍ ജനറല്‍ ആശുപത്രി ഡപ്യൂട്ടി സൂപ്രണ്ടായ അദ്ദേഹം നീലേശ്വരം താലുക്ക് ആശുപത്രി സുപ്രണ്ട്, വയനാട് ജില്ല ഡെപ്യൂട്ടി ഡിഎംഒ, കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യലിറ്റി ഹോസ്പിറ്റല്‍ സൂപ്രണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കാസര്‍കോട് ജില്ലയില്‍ മംഗല്‍പാടി, കുമ്പള സി.എച്ച്.സി, മൊഗ്രാല്‍പുത്തുര്‍, പുത്തിഗെ പി.എച്ച്.സി എന്നിവിടങ്ങളില്‍ മെഡിക്കല്‍ ഓഫീസര്‍ ആയി സേവനം ചെയ്തിരുന്നു. മംഗല്‍പാടി, നീലേശ്വരം ഉള്‍പ്പടെ സേവനം ചെയ്ത സ്ഥാപനങ്ങളിലെല്ലാം രോഗി സൗഹാര്‍ദ്ദ ആശുപത്രിയാക്കാനുള്ള ശ്രമം നടത്തുകയും ഒരളവുവരെ വിജയിക്കകയും ചെയ്തിരുന്നു. നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ ജീവനക്കാരുടെ കൂട്ടായ്മ ഉണ്ടാക്കുകയും പരിശ്രമഫലമായി മൂന്ന് പ്രാവശ്യം തുടര്‍ച്ചയായി കായ കല്‍പം അവാര്‍ഡ് ലഭിക്കുകയും ചെയ്തിരുന്നു.
എംആര്‍ വാക്‌സിനേഷന്‍ കാമ്പയിനിലും കൊവിഡ് കാലത്തും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചു. ഇക്കാലത്ത് നടത്തിയ സേവനങ്ങള്‍ പരിഗണിച്ച് പിആര്‍ പണിക്കര്‍ അവാര്‍ഡും ഐഎംഎ, ഐഎപി, കെജിഎംഒഎ തുടങ്ങിയ സംഘടകളുടെ അവാര്‍ഡുകളും ലഭിച്ചിരുന്നു. കുമ്പളയില്‍ ജോലി ചെയ്യുമ്പോള്‍ ആര്‍എന്‍.ടി.സി.പി യില്‍ നടത്തിയ സേവനങ്ങള്‍ പരിഗണിച്ച് ജില്ലാതല അവാര്‍ഡും ലഭിച്ചു. ജനറല്‍ ആശുപത്രിയിലെ സേവന സമയത്ത് രണ്ട് പ്രാവശ്യം കായികല്‍പം അവാര്‍ഡും 88 പോയന്റോട് കൂടി എം.ബി.എഫ്.എച്ച്.ഐ സര്‍ട്ടിഫിക്കറ്റും ജനറല്‍ ആശുപത്രിക്ക് ലഭിച്ചിട്ടിട്ടുണ്ട്. 2007 മുതല്‍ 2024 വരെ തുടര്‍ച്ചയായി കെജിഎംഒഎ യുടെ സംസ്ഥാന കമ്മിറ്റി അംഗമാണ്. സംഘടനയുടെ ജില്ല സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന ട്രഷറര്‍ തുടങ്ങിയ പദവികള്‍ പല തവണ വഹിച്ചിട്ടുണ്ട്.
ജനുവരി 19 ന് കോട്ടയം കുമരകത്ത് ചേരുന്ന കെജിഎംഒഎ യുടെ സംസ്ഥാന സമ്മേളനത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജില്‍ നിന്ന് അവാര്‍ഡ് സ്വീകരിക്കും.
Post a Comment
0 Comments