കേരളം (www.evisionnews.in): വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് സര്‍ക്കാര്‍ തയ്യാറാക്കുന്ന രണ്ട് ടൗൺഷിപ്പുകളുടെയും നിര്‍മ്മാണ ചുമതല ഊരാളുങ്കലിന് നല്‍കാന്‍ മന്ത്രിസഭ തീരുമാനം. നിർമ്മാണ മേൽനോട്ടം കിഫ്കോണിനായിരിക്കും. ആയിരം ചതുരശ്ര അടിയിൽ ഒറ്റനിലയുള്ള വീടുകളാണ് രണ്ട് ടൗൺഷിപ്പുകളിൽ നിര്‍മിക്കുക. 750 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്.
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ മാസ്റ്റർ പ്ലാനിന് ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗം അംഗീകാരം നൽകിയിരുന്നു. മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസത്തിന് രണ്ടിടത്തായി രണ്ട് ടൗൺഷിപ്പാണ് നിര്‍മ്മിക്കാനൊരുങ്ങുന്നത്. 1000 ചതുരശ്ര അടിയിലുള്ള ഒറ്റനില വീടുകൾ നിര്‍മ്മിക്കും. താമസക്കാര്‍ക്ക് ആവശ്യമെങ്കിൽ ഭാവിയിൽ മുകളിലത്തെ നില കൂടി പണിയാൻ പാകത്തിൽ അടിത്തറ ബലപ്പെടുത്തിയാകും വീട് നിര്‍മ്മാണം. പണി തുടങ്ങിയാൽ പിന്നെ സമയബന്ധിതമായി തീര്‍ക്കാൻ കൂടി ഉദ്ദേശിച്ചാണ് പദ്ധതിയെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങൾ വിശദീകരിക്കുന്നത്.
അതേസമയം, പുനരധിവസത്തിന് സന്നദ്ധത അറിയിച്ചവരുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച ഉടൻ തുടങ്ങും. 50 വീടുകളിൽ കൂടുതൽ നിര്‍മ്മിക്കാമെന്ന് വാഗ്ധാനം ചെയ്തവരെയാണ് ആദ്യഘട്ടത്തിൽ കാണുന്നത്. കര്‍ണാടക സര്‍ക്കാരിന്‍റെയും രാഹുൽ ഗാന്ധിയുടേയും പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. മുസ്ലീം ലീഗ്, ഡിവൈഎഫ്ഐ സംഘടനകളേയും കൂടിക്കാഴ്ചയ്ക്ക് വിളിച്ചിട്ടുണ്ട്. 12 മണി മുതൽ തിരുവനന്തപുരത്താണ് കൂടിക്കാഴ്ച നടക്കുന്നത്.
Post a Comment
0 Comments