കാസര്‍കോട്: കാസര്‍കോട് പുലിക്കുന്നില്‍ നഗരസഭ പുതിയൊരു കോണ്‍ഫറന്‍സ് ഹാള്‍ കൂടി പണിയുന്നു. കാസര്‍കോട് നഗരത്തിന്റെ സാംസ്‌കാരിക മുഖമായി അറിയപ്പെടുന്ന നിലവിലെ മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളിന് സമീപം തന്നെയാണ് 75 ലക്ഷം രൂപയോളം ചെലവില്‍ മറ്റൊരു കോണ്‍ഫറന്‍സ് ഹാള്‍ കൂടി നിര്‍മിക്കുന്നത്. ഇതിനുള്ള ടെണ്ടര്‍ നടപടികളടക്കം പൂര്‍ത്തി യായതായി നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം പറഞ്ഞു.
നിലവിലെ കോണ്‍ഫറന്‍സ് ഹാളിന് സമീപത്തെ വളവില്‍ നഗരസഭാ കൗണ്‍സില്‍ ഹാളിന് അരികിലായാണ് 2700 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ രണ്ടു നിലകളിലായി കെട്ടിടം നിര്‍മിക്കുന്നത്. ഒന്നാം നിലയില്‍ കോണ്‍ഫറന്‍സ് ഹാളും താഴത്തെ നിലയില്‍ അഞ്ചു കടമുറികളും ഉണ്ടാവും. നഗരസഭക്ക് തനത് ഫണ്ട് കണ്ടെത്തുന്നതിന്റെ ഭാഗമായാണ് കടമുറികള്‍ നിര്‍മിക്കുന്നതെന്നും അബ്ബാസ് ബീഗം പറഞ്ഞു. 200ഓളം ഇരിപ്പിടം ഉള്‍ ക്കൊള്ളുന്ന ഹാള്‍ മനോഹരമായി സജ്ജീകരിക്കും.
ഹാളിലേക്ക് റാംപ് സംവിധാനവും ഒരുക്കും. കാസര്‍കോട് നഗരത്തില്‍ സാംസ്‌കാരിക പരിപാടികള്‍ക്കടക്കം ഇപ്പോള്‍ ഏറെ പേരും ഉപയോഗപ്പെടുത്തുന്നത് മുനിസിപ്പല്‍ കോണ്‍ ഫറന്‍സ് ഹാളാണ്. ഏതാണ്ട് മിക്കദിവസവും കോണ്‍ഫറന്‍സ് ഹാള്‍ ബുക്ക് ചെയ്യപ്പെടുന്നു. ഈസാഹചര്യത്തിലാണ് സമീപത്ത് തന്നെ പുതിയൊരു ഹാള്‍ നിര്‍മിക്കാന്‍ നഗരസഭ തീരുമാനിച്ചതെന്ന് അബ്ബാസ് ബീഗം അറിയിച്ചു.
2002 നവംബര്‍ 11ന് അന്നത്തെ നഗരസഭാ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല തറക്കല്ലിട്ട നിലവിലെ കോണ്‍ഫറന്‍സ് ഹാള്‍ നിര്‍മാണം പൂര്‍ത്തിയാക്കി 2005 ഏപ്രില്‍ അഞ്ചിന് സി.ടി അഹമദലി എം.എല്‍.എയാണ് തുറന്നുകൊടുത്തത്.
Post a Comment
0 Comments