പെരിയ ഇരട്ടക്കൊലക്കേസിൽ ശിക്ഷയനുഭവിക്കുന്ന പ്രതികളെ ജയിലിലെത്തി സന്ദർശിച്ച് സിപിഎം നേതാക്കളായ പിപി ദിവ്യയും പികെ ശ്രീമതിയും. ഉദുമ മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ ഉൾപ്പെടെ നാല് പ്രതികളുടെ ശിക്ഷ ഹൈക്കോടതി സ്‌റ്റേ ചെയ്‌തതിന് പിന്നാലെയാണ് ഇരുവരും കണ്ണൂർ സെൻട്രൽ ജയിലിലെത്തി പ്രതികളെ സന്ദർശിച്ചത്. നാല് പ്രതികളും അൽപ്പസമയത്തിനകം ജയിലിൽ നിന്ന് പുറത്തിറങ്ങും.
‘പ്രതികളെ കണ്ടു. വൈകുന്നേരം ഇറങ്ങാൻ പറ്റിയേക്കുമെന്നാണ് അറിയുന്നത്. ഇവർ നാലുപേരുടേയും ശിക്ഷാവിധി മരവിപ്പിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചതാണ്. എംവി ഗോവിന്ദൻ മാഷ് കഴിഞ്ഞ ദിവസവും പറഞ്ഞില്ലേ ഇക്കാര്യം. മറ്റു പ്രതികളേയും കണ്ടു. കേസുമായി ബന്ധപ്പെട്ടൊന്നും സംസാരിച്ചിട്ടില്ല. അവരെ പോയി കാണുന്നത് മനുഷ്യത്വപരമല്ലേ’, എന്നാണ് പ്രതികളെ ജയിലിൽ എത്തി കണ്ടശേഷം പികെ ശ്രീമതി മാധ്യമങ്ങളോട് പ്രതികരിച്ചത്.
പെരിയ ഇരട്ടക്കൊലപാതക കേസിൽ പ്രതികളായ നാല് സിപിഐഎം നേതാക്കളുടെ ശിക്ഷ ഹൈക്കോടതി ഇന്ന് സ്റ്റേ ചെയ്യുകയായിരുന്നു. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗവും ഉദുമ മുൻ എംഎൽഎയുമായ കെവി കുഞ്ഞിരാമൻ, സിപിഐഎം ഏരിയാ സെക്രട്ടറി കെ മണികണ്ഠൻ, രാഘവൻ വെളുത്തേരി, എംകെ ഭാസ്‌കരൻ എന്നിവർ നൽകിയ അപ്പീൽ പരിഗണിച്ചാണ് ശിക്ഷ സ്റ്റേ ചെയ്തത്. ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് അപ്പീലുകൾ പരിഗണിച്ചത്.
Post a Comment
0 Comments