മതരാഷ്ട്രീയ സാമൂഹിക ജീവകാരുണ്യ രംഗത്തെ നിറസാന്നിധ്യമായിരുന്ന ചിത്താരി മുഹമ്മദ് ഹാജിയുടെ മരിക്കാത്ത ഓര്‍മകള്‍ക്ക് ഇന്ന് കാല്‍നൂറ്റാണ്ട് തികയുന്നു. കൊത്തിവച്ച ശില്‍പ്പത്തിലെ ചിത്രം പോലെ തിളക്കമൊട്ടും കുറയാതെ കത്തിജ്വലിച്ചു നില്‍ക്കയാണിന്നും സ്മൃതിയില്‍ ഹാജിക്കയുടെ ആകാരവും പ്രകാരവും. വെളുത്ത മുണ്ടും ഹാഫ് സ്ലീവ് ഷര്‍ട്ടും ധരിച്ച് കറുത്ത ജിന്നാ കാപ്പണിഞ് ഇടംകഴുത്തില്‍ ഒരു വെളുത്ത ഷാളുമിട്ട് ഇടതു ഭാഗത്തേക്ക് ചെരിഞ്ഞ ശിരസുമായി കടന്നുവരുന്ന ആജാനുബാഹുവായ ഹാജിക്ക ഏതാള്‍ക്കൂട്ടത്തിലും അടയാളപ്പെടുത്തപ്പെട്ടിരുന്നു. രൂപഭാവത്തിലെ ആ അടയാളപ്പെടുത്തല്‍ കര്‍മങ്ങളിലും തുടിച്ചുനിന്നിടത്താണ് മാട്ടുമ്മല്‍ മമ്മദാജി എന്ന് നാട്ടുകാര്‍ വിളിച്ചിരുന്ന ചിത്താരി മുഹമ്മദ് ഹാജിയുടെ പ്രസക്തി.
ഹരിത രാഷ്ട്രീയവും സമസ്തയിലുള്ള വിശ്വാസവും ആവിര്‍ഭാവ കാലം തൊട്ടേ വേരൂന്നിയിരുന്ന ചിത്താരി ഗ്രാമത്തിലെ മാട്ടുമ്മല്‍ തറവാട്ടില്‍ പിറന്ന ഹാജിക്ക് ബാല്യത്തില്‍ തന്നെ പകര്‍ന്നുകിട്ടിയതാണ് ലീഗും സമസ്തയും. പേരുകേട്ട പുകയില വ്യാപാരിയായ പിതാവിന്റെ മകന്‍ എന്ന നിലയില്‍ അന്നേ ആദരവിനര്‍ഹനായിരുന്ന ഹാജി തന്റെ കര്‍മ കാണ്ഡം ജീവശ്വാസം പോലെ തന്റെ ഭാഗമായിത്തീര്‍ന്ന മുസ്ലിം ലീഗിനും സമസ്തക്കും വേണ്ടി ഉഴിഞ്ഞുവച്ചപ്പോള്‍ അതു രണ്ടിനും നിഷ്‌കളങ്കനും നിഷ്‌കാമ കര്‍മിയും നിഷ്‌കപടനും ത്യാഗിയുമായ ഒരു നേതാവിനെ ലഭിച്ചു.
ചുറ്റുമുള്ളവരുടെ ദീനതയിലലിയുന്ന, അവരുടെ ദൗര്‍ബല്യങ്ങളില്‍ കരുത്തേകാന്‍ കഴിയുന്ന, സമൂഹത്തിനായി സ്വയം സമര്‍പ്പിക്കാന്‍ കഴിയുന്ന, ഒരു മനസ് കൂടി ആ നേതാവിനുണ്ടായപ്പോള്‍ അദ്ദേഹം സമൂഹത്തിന്റെ അഭയകേന്ദ്രമായി മാറുകയും ചെയ്തു. ജീവിത സൗകര്യങ്ങളൊന്നും ഇന്നത്തെപ്പോലെ മെച്ചപ്പെടാത്ത സ്വയം പര്യാപ്തരായ ആളുകള്‍ അപൂര്‍വമായ ആ കാലത്ത് അവരുടെ സര്‍വാവശ്യങ്ങളിലെയും ഊന്നുവടിയായി ഹാജിക്ക നിലകൊണ്ടു. അവര്‍ക്കുവേണ്ടി വന്ന ആതുര സഹായങ്ങളും നിയമസഹായങ്ങളും ലഭ്യമാക്കുന്നതിനും ലീഗിന്റെയും സമസ്തയുടെയും നേതാക്കളെ സമീപിക്കുന്നതിനുമെല്ലാം അന്നവര്‍ക്കാശ്രയിക്കാനുണ്ടായിരുന്നത് മാട്ടുമ്മല്‍ ഹാജിക്ക മാത്രമായിരുന്നു.
പൂക്കോയ തങ്ങളുടെ കാലംതൊട്ടേ പാണക്കാട്ടെ അനൗദ്യോഗിക അംബാസഡഡര്‍ ആയിരുന്ന ഹാജിക്ക സമസ്ത നേതാക്കളുമായും ആത്മീയ വ്യക്തിത്വങ്ങളുമായും ആത്മബന്ധം പുലര്‍ത്തിയപ്പോള്‍ അടുത്ത വൃത്തങ്ങള്‍ ആദരവോടെ അദ്ദേഹത്തെ 'ശൈഖുനാ' എന്നും വിളിച്ചു. അപ്പോഴും സിഎച്ചിനും ശംസുല്‍ ഉലമക്കും അദ്ദേഹം സഹായിയാവുകയും ചെയ്തു. 74ലെ പിളര്‍പ്പില്‍ ലീഗും 89ലെ ഭിന്നിപ്പില്‍ സമസ്തയും അഭിമുഖീകരിച്ച പല പ്രതിസന്ധികളെയും വകഞ്ഞുമാറ്റുന്നതിന് മമ്മദാജിക്കയുടെ ധിഷണയും കര്‍മവും വല്ലാതെ പ്രയോജനപ്പെടുത്തിയിട്ടുണ്ട് ലീഗും സമസ്തയും. 74-ലെ മുസ്ലിം ലീഗിന്റെ പിളര്‍പ്പ് കാലത്ത് പാര്‍ട്ടി മുഖപത്രമായ 'ചന്ദ്രിക'യുടെ ഉടമസ്ഥ തര്‍ക്കക്കേസിലും 89-ല്‍ സമസ്തയിലുടലെടുത്ത ഭിന്നതയുടെ കാലത്ത് സമസ്തയുടെ ആധികാരികതയും ഔദ്യോഗികതയും സംബന്ധിച്ച കേസിലുമെല്ലാം ഹാജിക്കയുടെ ഇടപെടല്‍ ഇരു സംഘടനകള്‍ക്കും വലിയ മുതല്‍ക്കൂട്ടായിരുന്നു.
അന്നു വിഘടിത പക്ഷത്തിന്റെ കയ്യിലമരുമായിരുന്ന ജില്ലയിലെ സമസ്തയെ ഔദ്യോഗിക പക്ഷത്തിന്റെ കൈകളിലെത്തിച്ചതും ഇന്നിക്കാണുന്ന മഹാ പ്രസ്ഥാനമാക്കിയതും ചിത്താരി മുഹമ്മദ് ഹാജി നേതൃത്വം നല്‍കി മഹല്ല് ഫെഡറേഷന്റെ ബാനറില്‍ നടന്ന നിരവധി മഹാ സമ്മേളനങ്ങളാണ്. അന്ന് ചെര്‍ക്കളം അബ്ദുള്ള സാഹിബും മമ്മദാജിക്കയും മുന്നില്‍ നിന്നില്ലായിരുന്നെങ്കില്‍ സമസ്തയുടെ ജില്ലയിലെ ചരിത്രം വേറൊന്നാകുമായിരുന്നു. ചരിത്രത്തിലുടനീളം ഉമറാ ഉലമാ സംയോജനത്തിന്റെ രാസത്വരകം ലീഗ്, സമസ്ത സംയോജനമായിരുന്നുവെന്ന സത്യം വിസ്മരിക്കുന്നിടത്ത് വിനാശത്തിന്റെ വിത്ത് പതിക്കുമെന്ന പാഠം സമകാലിക സമുദായ പരിസരം മമ്മദാജിക്കയെ പോലുള്ളവരുടെ ജീവിത ചരിത്രത്തില്‍ നിന്ന് വായിച്ചെടുക്കേണ്ടതുണ്ട്. 99 ഡിസംബര്‍ 2ന് ചിത്താരിയിലെ ഒരു നിര്‍ധന പെണ്‍കുട്ടിയുടെ വിവാഹത്തിന് വിഭവം സമാഹരിക്കാനെത്തിയ ബോംബെയില്‍ വെച്ചദ്ദേഹം അന്ത്യയാത്ര ചൊല്ലുമ്പോള്‍ അനുശോചന യോഗത്തില്‍ മര്‍ഹൂം ഇ. അഹമ്മദ് സാഹിബ് മൊഴിഞ്ഞ പോലെ ഇടത്തും വലത്തും മുന്നിലും പിന്നിലും ശൂന്യത അനുഭവപ്പെട്ടത് അതുകൊണ്ട് തന്നെയാണ്.
Post a Comment
0 Comments