കാസര്‍കോട്: ഭാര്യയുമായി ഫോണില്‍ സംസാരിച്ചതിന് പിന്നാലെ കാണാതായ യുവാവിന്റെ മൃതദേഹം ചന്ദ്രഗിരിപ്പുഴയില്‍ കണ്ടെത്തി. ഗോരഖ് പൂര്‍ സ്വദേശി അമര്‍ദേവി(35)ന്റെ മൃതദേഹമാണ് ചൊവ്വാഴ്ച രാവിലെ തളങ്കര റെയില്‍വേ പാലത്തിന്റെ അടിയില്‍ പുഴയില്‍ കണ്ടെത്തിയത്. മൃതദേഹം ഒഴുകിപ്പോകുന്നത് കണ്ട നാട്ടുകാരാണ് വിവരം ഫയര്‍ഫോഴ്സിനെ അറിയിച്ചത്. ഫയര്‍ഫോഴ്സ് തീരദേശ പൊലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ വിഎന്‍ വേണുഗോപാലിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്സും തീരദേശ പൊലീസും ചേര്‍ന്ന് മൃതദേഹം കരക്കെത്തിച്ച് കാസര്‍കോട് ജനറലാശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.
പെയിന്റിങ് തൊഴിലാളിയായ അമര്‍ദേവ് മൂന്നുമാസം മുമ്പാണ് കാസര്‍കോട് എത്തിയത്. നെല്ലിക്കുന്നില്‍ സുഹൃത്തിന്റെ കൂടെതാമസിച്ചു ജോലി ചെയ്തുവരികയായിരുന്നു. ശനിയാഴ്ച<യൃ>മറ്റൊരു സുഹൃത്തിനെ കാണാന്‍ ചെമ്മനാട് ചെന്നിരുന്നു. അന്നു രാത്രി ഭാര്യയുമായി കുറേസമയം ഫോണില്‍ സംസാരിച്ച ശേഷമാണ് അമര്‍ദേവിനെ കാണാതായത്. തുടര്‍ന്ന് സുഹൃത്തുക്കള്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും കണ്ടെത്താനായില്ല. ചെമ്മനാട് പാലത്തില്‍ നിന്ന് പുഴയില്‍ ചാടിയതാകാമെന്ന് സംശയിക്കുന്നു. ആധാര്‍ കാര്‍ഡും ഫോണും പഴ്സും കണ്ടാണ് സുഹൃത്തുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞത്. യുവാവിനെ കാണാതായതുമായി ബന്ധപ്പെട്ട് സുഹൃത്തുക്കള്‍ ചൊവ്വാഴ്ചയാണ് പൊലീസില്‍ പരാതി നല്‍കിയത്.
Post a Comment
0 Comments