കാസര്‍കോട്: പ്രവാസി വ്യവസായി പൂച്ചക്കാട്ടെ എം.സി അബ്ദുല്‍ ഗഫൂര്‍ ഹാജി (55)യെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതികളെ കോടതി റിമാന്റ് ചെയ്തു. മേല്‍പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ഒന്നാം പ്രതി ഉബൈദ് (38), രണ്ടാം പ്രതിയും ഉബൈദിന്റെ ഭാര്യയുമായ മന്ത്രവാദിനിയെന്ന് അറിയപ്പെടുന്ന ഷമീമ (38), മൂന്നാം പ്രതി അസ്‌നീഫ (34), നാലാം പ്രതി വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആയിഷ (40) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്‌റ് (രണ്ട്) കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തത്.
ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പയുടെ മേല്‍നോട്ടത്തില്‍ ഡി.സി.ആര്‍.ബി ഡി.വൈ.എസ്.പി കെ.ജെ ജോണ്‍സണ്‍ന്റെയും ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ കെ.പി ഷൈന്റെയും നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇന്നലെ പ്രതികളെ അറസ്റ്റു ചെയ്തത്. 2023 ഏപ്രില്‍ 14നാണ് ഗള്‍ഫില്‍ നിരവധി സൂപ്പര്‍ മാര്‍ക്കറ്റുകളും മറ്റു സംരംഭങ്ങളുമുള്ള ജീവകാരുണ്യ പ്രവര്‍ത്തകനായിരുന്ന ഗഫൂര്‍ ഹാജിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലയ്ക്ക് ശേഷം ഗഫൂറിന്റെ വീട്ടിലുണ്ടായിരുന്ന 596 പവന്‍ സ്വര്‍ണം കാണാതായതോടെയാണ് മരണത്തില്‍ സംശയമുയര്‍ന്നത്. പലരില്‍ നിന്നായി ഗഫൂര്‍ ഹാജി വാങ്ങിയ സ്വര്‍ണമായിരുന്നു നഷ്ടപ്പെട്ടത്. ഈ സ്വര്‍ണം വിവിധ ജ്വല്ലറികളില്‍ വിറ്റതായി കണ്ടെത്തി. ഇതില്‍ 29 പവന്‍ സ്വര്‍ണം കാസര്‍കോട് പഴയ ബസ്റ്റാന്റിന് സമീപത്തെ ജ്വല്ലറിയില്‍ നിന്ന് അന്വേഷണം കണ്ടെടുത്തു. ബാക്കി സ്വര്‍ണം കൂടി കണ്ടെടുക്കുന്നതിനായി റിമാന്റിലുള്ള പ്രതികളെ അടുത്ത ദിവസം പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.
Post a Comment
0 Comments