ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിന് ജാമ്യം അനുവദിച്ച് വിചാരണ കോടതി. ജാമ്യവ്യവസ്ഥയായി ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം. ഉപാധികളോടെയാണ് സിദ്ദിഖിന് ജാമ്യം അനുവദിച്ചത്. കേരളം വിടരുതെന്നും അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും ജാമ്യ വ്യവസ്ഥയിൽ പറയുന്നു.
സുപ്രീംകോടതി ഉത്തരവ് പ്രകാരമാണ് വിചാരണ കോടതി നടപടി. ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നും പരാതിക്കാരി ഉൾപ്പെടെ കേസുമായി ബന്ധപ്പെട്ട് ആരെയും കാണാൻ പാടില്ലെന്നും കോടതി നിർദേശിച്ചു. അതേസമയം സോഷ്യൽ മീഡിയ വഴി പരാതിക്കാരിയെ അധിക്ഷേപിക്കാൻ പാടില്ലെന്നും കോടതി പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായ സിദ്ദിഖിനെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുകയായിരുന്നു. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർക്ക് മുന്നിലാണ് സിദ്ദിഖ് ഹാജരായത്. സുപ്രീം കോടതിയുടെ ജാമ്യവ്യവസ്ഥയുടെ ഭാഗമായിട്ടാണ് സിദ്ദിഖ് കോടതിയിൽ ഹാജരായത്. കേസിൽ നേരത്തെ സുപ്രീം കോടതി സിദ്ദിഖിന് മുൻകൂർ ജാമ്യം നൽകിയിരുന്നു.
Post a Comment
0 Comments