കാസര്‍കോട്: കേരള രാഷ്ട്രീയത്തില്‍ ഏറെ പ്രകമ്പനങ്ങള്‍ സൃഷ്ടിച്ച പെരിയ ഇരട്ടക്കൊലപാതക കേസില്‍ വിധി പറയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. സി.പി.എമ്മിനെയും ഇടതു സര്‍ക്കാറിനെയും രാഷ്ട്രീയ പ്രതിസന്ധിയിലാക്കിയ കൊലപാതക കേസില്‍ ആറുവര്‍ഷം നീണ്ട നിയമയുദ്ധങ്ങള്‍ക്കുമൊടുവിലാണ് കൊച്ചി സി.ബി.ഐ കോടതിയാണ് ഇന്ന് വിധി പ്രസ്താവിക്കുന്നത്.
വിധി പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കല്ല്യോട്ട് വന്‍ പൊലിസ് സന്നാഹമാണ് ഒരുക്കിയിട്ടുള്ളത്. ഇന്നലെ പൊലിസ് റൂട്ട് മാര്‍ച്ചും നടത്തി. കല്ല്യോട്ട് പ്രശ്നങ്ങളുണ്ടാകുമെന്ന പശ്ചത്തലത്തിലാണ് വന്‍ പൊലിസ് സന്നാഹത്തെ ഒരുക്കിയിരിക്കുന്നത്. അതിനിടയില്‍ കല്ല്യോട്ട് ഇരട്ട കൊലപാതക കേസില്‍ സി.പി.എം കടുത്ത രീതിയില്‍ സൈബര്‍ ആക്രമണവും നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഇരട്ട കൊലപാതകത്തെ ന്യായീകരിച്ച് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സൈബര്‍ ഇടങ്ങളിലും പൊലിസ് ശക്തമായ നിരീക്ഷണമാണ് നടത്തുന്നത്.
ബേക്കല്‍, കാഞ്ഞങ്ങാട്, ബേഡകം പൊലിസ് സ്‌റ്റേഷനുകളില്‍ നിന്നായുള്ള പൊലിസാണ് കല്ല്യോട്ട് ക്യാമ്പ് ചെയ്തിരിക്കുന്നത്. കേസില്‍ പ്രതികളായി സി.പി.എമ്മിന്റെ പ്രധാന നേതാക്കളും ജനപ്രതിനിധികളുമുണ്ട്. മുന്‍ എം.എല്‍.എയും സി.പി.എം ജില്ലാ സെക്രട്ടറിയറ്റംഗവുമായ കെ.വി കുഞ്ഞിരാമന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സി.പി.എം മുന്‍ ഉദുമ ഏരിയ സെക്രട്ടറിയുമായ കെ. മണികണ്ഠന്‍, മുന്‍ പെരിയ ലോക്കല്‍ സെക്രട്ടറി എന്‍. ബാലകൃഷ്ണന്‍, മുന്‍ പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളി ഉള്‍പ്പെടെ 24പേര്‍ പ്രതികളായുണ്ട്. മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം എ. പീതാംബരനാണ് കേസിലെ ഒന്നാം പ്രതി. 2019 ഫെബ്രുവരി 17നായിരുന്നു കൃപേഷ്, ശരത്‌ലാല്‍ എന്നീ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ വെട്ടി കൊലപ്പെടുത്തിയത്.
Post a Comment
0 Comments