Type Here to Get Search Results !

Bottom Ad

ഭാര്യയെ വിറക് കഷ്ണം കൊണ്ട് അടിച്ചു കൊന്ന കേസില്‍ ഭര്‍ത്താവിന് 10 വര്‍ഷം കഠിന തടവ്


കാസര്‍കോട്: മുന്നാട് കൊറത്തിക്കുണ്ടില്‍ ഭാര്യയെ വിറക് കഷ്ണം കൊണ്ട് അടിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ ഭര്‍ത്താവിന് 10 വര്‍ഷം കഠിന തടവും മൂന്നു ലക്ഷം രൂപ പിഴയും കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി (മൂന്ന്) ശിക്ഷ വിധിച്ചു. ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആര്‍ അരുണ്‍ കുമാര്‍ (28) എന്നയാളെയാണ് കോടതി ശിക്ഷിച്ചത്.

2021 ജൂലൈ 19ന് വൈകുന്നേരം നാലുമണിക്കും 20ന് പുലര്‍ച്ചെ ഒന്നരയ്ക്കും ഇടയിലാണ് കേസിനാസ്പദമായ സംഭവം. കൊറത്തിക്കുണ്ടില്‍ താമസിക്കുന്ന സുമിത (23) എന്ന യുവതിയാണ് ഭര്‍ത്താവിന്റെ അടിയേറ്റ് കൊല്ലപ്പെട്ടത്. ഭര്‍ത്താവായ അരുണ്‍ കുമാര്‍ വഴക്കിനിടെ വീട്ടില്‍ കരുതിയിരുന്ന വിറക് കഷ്ണം കൊണ്ട് സുമിതയെ അടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്.

നാലുവര്‍ഷം മുമ്പ് പ്രണയിച്ചാണ് ഇരുവരും വിവാഹിതരായത്. അരുണ്‍ കുമാര്‍ കൂലിപ്പണിക്കാരനായിരുന്നു. കൊലപാതകം നടക്കുമ്പോള്‍ സുമിതയുടെ മാതാവ് ജാനകിയും അരുണ്‍ കുമാറിന്റെ അനുജനും വല്യമ്മയും വീട്ടിലുണ്ടായിരുന്നു. അരുണ്‍ കുമാറിന്റെ സംശയ രോഗമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസ് കണ്ടെത്തല്‍. ഐപിസി 342, 304 വകുപ്പുകള്‍ പ്രകാരമാണ് ജഡ്ജ് അചിന്ത്യ രാജ് ഉണ്ണി ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവ് അനുഭവിക്കണം എന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. ബേഡകം ഇന്‍സ്പെക്ടറായിരുന്ന ടി ദാമോദരനാണ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സതീശന്‍ പി, അഡ്വ. അമ്പിളി എന്നിവര്‍ ഹാജരായി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad