കാസര്‍കോട്: ആദിവാസി സ്ത്രീയുടെ കഴുത്തില്‍ നിന്നു ഒന്നരപവന്‍ തൂക്കമുള്ള സ്വര്‍ണമാല പൊട്ടിച്ചോടിയ കെ.എസ്.ഇ.ബി.യില്‍ താല്‍ക്കാലിക മീറ്റര്‍ റീഡറായിരുന്ന യുവാവ് അറസ്റ്റില്‍. തളിപ്പറമ്പ് നടുവില്‍ ഉത്തൂരില്‍ താമസിക്കുന്ന ഇടുക്കി സ്വദേശി മനുമോഹ (36)നെയാണ് ആലക്കോട് പൊലീസ് ഇന്‍സ്പെക്ടര്‍ മഹേഷ് കെ. ചന്ദ്രന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.
ബുധനാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം. ഉത്തൂരിലെ പൊന്നി (67)യുടെ കഴുത്തില്‍ നിന്നാണ് മാലപൊട്ടിച്ചത്. പരാതിയെ തുടര്‍ന്ന് കുടിയാന്മല പൊലീസ് കേസെടുത്തു അന്വേഷിക്കുന്നതിനിടയിലാണ് മനുമോഹനെ സ്ഥലത്തു നിന്നു കാണാനില്ലെന്നും മൊബൈല്‍ സ്വിച്ച് ഓഫാണെന്നും കണ്ടെത്തിയത്. ഇടയ്ക്കിടെ ഫോണ്‍ സ്വിച്ച് ഓണ്‍ ചെയ്യുന്നതായും കണ്ടെത്തി. മനുമോഹന്‍ കണ്ണൂരില്‍ നിന്നു വടകര ഭാഗത്തേക്കു യാത്ര ചെയ്യുകയാണെന്നു മനസ്സിലാക്കിയ പൊലീസ് വടകര റെയില്‍വെ സ്റ്റേഷനില്‍ നിലയുറപ്പിച്ചു. ട്രെയിന്‍ ഇവിടെ എത്തിയപ്പോള്‍ മനുമോഹന്‍ മദ്യപിക്കാനായി പുറത്തിറങ്ങിയ സമയത്ത് കയ്യോടെ പിടികൂടുകയായിരുന്നു.
മാലപൊട്ടിക്കുന്ന സമയത്ത് പ്രതിക്ക് താടിയുണ്ടായിരുന്നു. സംഭവത്തിനു ശേഷം താടി വടിച്ചു കളഞ്ഞും മുടി നീളം കുറച്ചുമാണ് മനുമോഹന്‍ സ്ഥലം വിട്ടത്. സ്വര്‍ണ്ണമാല കരുവന്‍ചാലില്‍ വിറ്റുവെന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് നടുവിലെ ഒരു സ്ഥാപനത്തില്‍ പണയപ്പെടുത്തിയതായി മാറ്റി പറഞ്ഞു. ഇതിനിടയില്‍ നെഞ്ചുവേദന അനുഭവപ്പെട്ട മനുമോഹനെ പൊലീസ്‌കാവലില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇടുക്കി സ്വദേശിയായ മനുമോഹന്‍ ആദ്യം കാസര്‍കോട്ടും പിന്നീട് ആറളത്തും കെ.എസ്.ഇ.ബി.യില്‍ താല്‍ക്കാലിക മീറ്റര്‍ റീഡര്‍ ആയി ജോലി ചെയ്തിരുന്നു. ഇടുക്കിയിലെ ഭാര്യയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ ശേഷം ആറളത്തുവച്ച് പരിചയപ്പെട്ട സ്ത്രീക്കൊപ്പം ഉത്തൂരില്‍ താമസിച്ചു വരികയായിരുന്നു മനുമോഹന്‍.
Post a Comment
0 Comments