കാസര്‍കോട്: ജില്ലയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ യുവാവും അതേ ആശുപത്രിയിലെ നഴ്‌സിംഗ് വിദ്യാര്‍ഥിനി ട്രെയിനിയും ഇതര മതസ്ഥയുമായ യുവതിയും ബൈക്കില്‍ ഒന്നിച്ച് യാത്രചെയ്ത വിഷയത്തെ വിവാദമാക്കി ലവ് ജിഹാദ് ആരോപിക്കുന്ന ബി.ജെ.പിയുടെ വര്‍ഗീയ സ്വരം അതേപടി പൊലീസ് ആവര്‍ത്തിക്കുകയാണെന്ന് യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ കല്ലട്ര മാഹിന്‍ ഹാജി കുറ്റപ്പെടുത്തി.
നിസാര സംഭവത്തിനു മേല്‍ പരാതിയില്ലെന്ന് പെണ്‍കുട്ടിയുടെ കുടുംബവും ആശുപത്രി അധികൃതരും ആവര്‍ത്തിച്ചു പറഞ്ഞിട്ടും സ്വമേധയാ കേസെടുക്കുകയും പെണ്‍കുട്ടിയെ നിര്‍ബന്ധിപ്പിച്ചു വൈദ്യ പരിശോധനക്കയക്കുകയും ചെയ്ത് ഇക്കാര്യത്തിന്മേല്‍ വര്‍ഗീയ ചിത്രം നല്‍കാന്‍ പൊലീസ് കിണഞ്ഞു പരിശ്രമിക്കുകയാണ്. കോടതിയില്‍ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിയാതെ വന്നപ്പോള്‍ ബി.എന്‍.എസ് സെക്ഷന്‍ 137(2) പ്രകാരം യുവതിയെ തട്ടിക്കൊണ്ടുപോയെന്ന എഫ്.ഐ.ആറാണ് സബ് ഇന്‍സ്പെക്ടര്‍ തയാറാക്കിയത്.
യുവാവിന് ജാമ്യം നല്‍കിയാല്‍ ജില്ലയില്‍ സാമുദായിക സംഘര്‍ഷമുണ്ടാകുമെന്ന പൊലീസിന്റെ വിചിത്ര വാദം തള്ളിയ കാസര്‍കോട് സെഷന്‍സ് കോടതിയുടെ വിധി സ്വാഗതാര്‍ഹമാണ്. ഗൂഢാലോചനയുണ്ടെന്ന് സ്ഥാപിക്കാന്‍ പെണ്‍കുട്ടിയുടെ കുടുംബത്തിനുമേല്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തുന്ന ബി.ജെ.പി നേതാക്കള്‍ക്കെതിരെയായിരുന്നു പൊലീസ് കേസെടുക്കേണ്ടിയിരുന്നതെന്നും ക്രമസമാധാന പാലകര്‍ തന്നെ മതസ്പര്‍ദക്ക് നേതൃത്വം നല്‍കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്നും കല്ലട്ര മാഹിന്‍ ഹാജി പറഞ്ഞു.
Post a Comment
0 Comments