Type Here to Get Search Results !

Bottom Ad

അഡ്വ. പി. സുഹാസ് വധത്തിൽ പുനരന്വേഷണം നടത്താൻ കോടതി ഉത്തരവ്


കാസർകോട്: അഭിഭാഷകനും ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റുമായിരുന്ന പി സുഹാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പുനരന്വേഷണം നടത്താൻ തലശേരി ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടു. 2008 ഏപ്രിൽ 17നുണ്ടായ ഈ കൊലപാതകം കാസർകോട്ട് ഏറെ ചർച്ചയായ സംഭവമാണ്. തുടക്കത്തിൽ കാസർകോട് പൊലീസ് അന്വേഷിച്ച കേസ് പിന്നീട് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു.

ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ ഹാജരാക്കുകയും ചെയ്‌തു. എന്നാൽ കേസിന്റെ വിചാരണ തലശേരി ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റപ്പെട്ടു. ഇതിനിടയിൽ പുനരന്വേഷണം വേണമെന്ന ഹർജിയിൽ കോടതി ഉത്തരവ് പ്രകാരം നടന്ന പുനരന്വേഷണത്തിൽ കൂടുതലായൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ കേസിൻ്റെ വിചാരണ നടപടിയിലേക്ക് കടന്നിരുന്നു. ഇതിനിടെയിലാണ് വീണ്ടും പുനരന്വേഷണം വേണമെന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ ഹർജി സമർപ്പിച്ചതും കോടതിയിൽ നിന്ന് അനുകൂല വിധിയുണ്ടായതും.

കാസർകോട് പോലീസ് സ്‌റ്റേഷൻ പരിധിയിലെ ബി.എം റഫീഖ് (37), എ എ അബ്ദുർ റഹ്‌മാൻ എന്ന അമ്മി (35), കെ.ഇ ബശീർ (37), അഹ്‌മദ് ശിഹാബ് (30), അഹ്‌മദ് സഫ്‌വാൻ (30), അബ്ദു‌ർ റഹ്‌മാൻ എന്ന റഹിം (49) എന്നിവരാണ് കേസിലെ പ്രതികൾ. പ്രതികളെല്ലാം ഇപ്പോൾ ജാമ്യത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്. 2008 ഏപ്രിലിൽ വർഗീയ കൊലപാതക പരമ്പരയ്ക്ക് കാസർകോട് സാക്ഷ്യം വഹിച്ചിരുന്നു. നെല്ലിക്കുന്ന് കടപ്പുറത്തെ സന്ദീപ്, നെല്ലിക്കുന്ന് ബങ്കരക്കുന്നിലെ മുഹമ്മദ് സിനാൻ, അഡ്വ. പി സുഹാസ്, അടുക്കത്ബയൽ ബിലാൽ മസ്ജിദിന് സമീപത്തെ സി.എ മുഹമ്മദ് ഹാജി എന്നിവരാണ് അന്ന് കൊല്ലപ്പെട്ടത്.

ഇതിൽ സന്ദീപ് വധക്കേസിൽ എട്ട് പ്രതികളെയും സിനാൻ വധക്കേസിൽ  മൂന്ന്​ പ്രതികളെയും കോടതി വെറുതെവിട്ടിരുന്നു. സി എ മുഹമ്മദ് ഹാജി വധക്കേസിൽ മാത്രമാണ് പ്രതികൾ ശിക്ഷിക്കപ്പെട്ടത്. നാല് പ്രതികൾക്കും ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയുമാണ് കോടതി വിധിച്ചത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad