കാസര്‍കോട്: ഞായറാഴ്ച പുലര്‍ച്ചെ മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ദൈഗോളിയില്‍ വച്ച് പിടിയിലായ സംഘത്തില്‍ ഉള്‍പ്പെട്ട ഒരാള്‍ കൂടി പൊലീസിന്റെ വലയിലായി. കാസര്‍കോടിനു സമീപത്തു താമസക്കാരനും നിരവധി കവര്‍ച്ച കേസുകളില്‍ പ്രതിയുമായ യുവാവ് ആണ് വലയിലായത്. ഇയാള്‍ 2024 ഫെബ്രുവരി 8ന് അഡ്യനടുക്കയിലെ കര്‍ണ്ണാടക ബാങ്ക് ശാഖ കൊള്ളയടിച്ച കേസിലെ പ്രതികളില്‍ ഒരാളാണ്. ഗ്യാസ് കട്ടര്‍ അടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിച്ചാണ് അഡ്യനടുക്ക ബാങ്ക് കൊള്ളയടിച്ചത്. പ്രസ്തുത കേസില്‍ ഇപ്പോള്‍ പൊലീസ് വലയിലായിട്ടുള്ള യുവാവിനെ ഉള്‍പ്പെടെ അറസ്റ്റു ചെയ്തിരുന്നുവെങ്കിലും കവര്‍ച്ചാ മുതലുകള്‍ കണ്ടെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.
കുമ്പള, പൊസഡിഗുംബയില്‍ സ്വര്‍ണ്ണവും പണവും കുഴിച്ചിട്ടുണ്ടെന്നു അന്ന് അറസ്റ്റിലായ സംഘം കര്‍ണ്ണാടക പൊലീസിനു മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ കാണിച്ചു കൊടുത്ത സ്ഥലം കിളച്ച് പരിശോധിച്ചിരുന്നുവെങ്കിലും ഫലം ഉണ്ടായില്ല. കാസര്‍കോട്ടെ കലന്തര്‍, സുള്ള്യ, കൊയിലയിലെ റഫീഖ് എന്ന ഗൂഡിനബളി റഫീഖ്, പൈവളിഗെ, ബായാറിലെ ദയാനന്ദ എന്നിവരെയാണ് അഡ്യനടുക്ക ബാങ്ക് കൊള്ളക്കേസില്‍ വിട്‌ള പൊലീസ് അന്ന് അറസ്റ്റു ചെയ്തിരുന്നത്. ഇവരില്‍ കലന്തറിനു കേരളത്തിലും കര്‍ണ്ണാടകയിലുമായി നിരവധി കേസുകളുള്ളതായി പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.<br>അതേ സമയം ഞായറാഴ്ച പുലര്‍ച്ചെ അറസ്റ്റിലായ മംഗ്‌ളൂരു, കൊടിയുള്ളാലിലെ ഫൈസല്‍, കര്‍ണ്ണാടക, തുംകൂര്‍, കച്ചേരിമൊഹല്ലിയിലെ സയ്യിദ് അമാനി എന്നിവരെ റിമാന്റു ചെയ്തു. ഇവരില്‍ അമാനെ രണ്ടു ദിവസത്തേക്ക് മഞ്ചേശ്വരം പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടു.
ഗ്യാസ് കട്ടര്‍ അടക്കമുള്ള മാരകായുധങ്ങളുമായി നമ്പര്‍ പ്ലേറ്റില്ലാത്ത കാറില്‍ സഞ്ചരിക്കുന്നതിനിടയിലാണ് ഫൈസലും സയ്യിദ് അമാനിയും പിടിയിലായത്. ഇവരുടെ കൂടെയുണ്ടായിരുന്ന നാലു പേര്‍ ഓടി രക്ഷപ്പെട്ടിരുന്നു. ഇവരെ കൂടി പിടികൂടുന്നതോടെ അടുത്തിടെ നടന്ന പൊയ്‌നാച്ചി അയ്യപ്പക്ഷേത്രം, മാന്യയിലെ അയ്യപ്പഭജന മന്ദിരം, നെല്ലിക്കട്ടയിലെ ഗുരുദേവ ക്ഷേത്രം, കര്‍ണ്ണാടക ബണ്ട്വാളിലെ രണ്ടു ക്ഷേത്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നു നടന്ന കവര്‍ച്ചകള്‍ക്കു തുമ്പുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. പ്രതികളെ തേടി കര്‍ണ്ണാടക പൊലീസും മഞ്ചേശ്വരത്ത് എത്തിയിട്ടുണ്ട്.
Post a Comment
0 Comments