കാസര്‍കോട്: നുള്ളിപ്പാടിയില്‍ അടിപ്പാത ആവശ്യം സംബന്ധിച്ച് ജനപ്രതിനിധികളോടും നാട്ടുകാരോടും സമര സമിതിയോടും ചര്‍ച്ചചെയ്തു പ്രശ്‌നപരിഹാരം ഉണ്ടാക്കണമെന്ന് കേന്ദ്ര ഉപരിതല വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി, മുഖ്യമന്ത്രി പിണറായി വിജയന്‍, നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ റീജിയണല്‍ ഓഫീസര്‍, പ്രോജക്ട് ഡയറക്ടര്‍ എന്നിവര്‍ക്കയച്ച കത്തില്‍ എന്‍.എ നെല്ലിക്കുന്ന് ആവശ്യപ്പെട്ടു. ദേശീയപാത നിര്‍മാണം തുടങ്ങിയതു മുതല്‍ ശക്തമായി ഉയര്‍ന്നുവന്ന ആവശ്യമാണ് നുള്ളിപ്പാടിയിലെ അടിപ്പാത. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അടിപ്പാതകള്‍ അനുവദിക്കുമ്പോള്‍ രണ്ടുവട്ടം ചിന്തിക്കാതെ ആദ്യം പരിഗണിക്കേണ്ടിയിരുന്നത് നുള്ളിപ്പാടിയായിരുന്നു.
നുള്ളിപ്പാടിയിലെ അടിപ്പാത ന്യായമായ ആവശ്യമാണെന്ന് ആര്‍ക്കും ബോധ്യപ്പെടും. മാസങ്ങളായി തദ്ദേശവാസികള്‍ നടത്തുന്ന സമരത്തിന് സര്‍വ ജനവിഭാഗങ്ങളുടെയും പിന്തുണയുണ്ട്. സ്ത്രീകളും രോഗികളുമടക്കം ആബാലവൃന്ദം ജനങ്ങള്‍ രാത്രിയും പകലും സമരപ്പന്തലിലാണ്. നീതിക്ക് വേണ്ടിയുള്ള പോരാട്ടം കണ്ടില്ലെന്ന് നടിക്കാനാണ് ഇനിയും അധികൃതരുടെ ഭാവമെങ്കില്‍ നിര്‍മാണ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാന്‍ പറ്റാത്ത സാഹചര്യം സംജാതമാകുമെന്നും എം.എല്‍.എ കത്തില്‍ ചൂണ്ടിക്കാട്ടി.
നഗരത്തില്‍ മൂക്കാല്‍ ശതമാനത്തോളം ഒറ്റത്തൂണ്‍ മേല്‍പ്പാലത്തിന്റെ പണി തീര്‍ന്നെങ്കിലും നുള്ളിപ്പാടിയില്‍ അടിപ്പാത പ്രശ്‌നത്തില്‍ അനിശ്ചിതത്തില്‍ കുരുങ്ങിക്കിടക്കുകയാണ് അനുബന്ധ റോഡ് നിര്‍മാണം. നാടിനെ കീറിമുറിച്ചുകൊണ്ടുള്ള നിര്‍മാണം ദ്രുതഗതിയില്‍ മുന്നോട്ടു പോകുമ്പോഴാണ് നാട്ടുകാര്‍ രാഷ്ട്രീയ ഭേദമന്യേ സംഘടിച്ചത്. ആദ്യഘട്ടത്തില്‍ പുതിയ ബസ് സ്റ്റാന്റിലൂടെ വരുന്ന ഒറ്റത്തൂണ്‍ മേല്‍പ്പാലം നുള്ളിപ്പാടി ആയുര്‍വേദ ആശുപത്രി വരെ നീളത്തിലുണ്ടാകുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് അതു ചുരുക്കി. അപ്പോഴും നുള്ളിപ്പാടി അയ്യപ്പഭജനമന്ദിരത്തിനിപ്പുറം വരെ പാലമുണ്ടാകുമെന്നറിയിച്ചുവെന്നും പാലം പ്രവൃത്തി തുടങ്ങിയ ശേഷമാണ് രണ്ടു തൂണുകള്‍ കുറച്ചതായും അറിയുന്നത്. ഇതോടെ നുള്ളിപ്പാടിയില്‍ അടിപ്പാതയുടെ ആവശ്യം വലിയ രീതിയില്‍ ചര്‍ച്ചയാവുകയും ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ സമരം ശക്തമാക്കുകയും ചെയ്തു.
അന്നു നടത്തിയ ചര്‍ച്ചയില്‍ ശ്മശാനത്തിലേക്കും ചെന്നിക്കരയിലേക്കും പോകുന്ന ഭാഗത്ത് അടിപ്പാത നിര്‍മിക്കുന്നതിനുവേണ്ടി കരാര്‍ കമ്പനി സ്ഥലം അടയാളപ്പെടുത്തി. അവിടെ അടിപ്പാതയ്ക്കായി ദേശീയപാതാ അതോറിറ്റിയുടെ അനുമതിക്കുവേണ്ടി ശ്രമിക്കുന്ന ഘട്ടത്തിലാണ് നിര്‍മാണം 90 ശതമാനം പൂര്‍ത്തിയായെന്ന തരത്തില്‍ കരാറുകാര്‍ റിപ്പോര്‍ട്ട് നല്‍കിയതെന്നും സമരസമിതി പറയുന്നു.
നുള്ളിപ്പാടിയില്‍ അടിപ്പാത നിര്‍മിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുതന്നെയാണ് ആക്ഷന്‍ കമ്മിറ്റിയും നാട്ടുകാരും. അടിപ്പാത ഇല്ലാതായാല്‍ ഒരുനാടു മുഴുവന്‍ അനുഭവിക്കുന്ന ദുരിതത്തിന് കയ്യുംകണക്കുമില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ചെന്നിക്കര, നുള്ളിപ്പാടി, നേതാജി ഹൗസിങ് കോളനി, സുരഭി ഹൗസിങ് കോളനി, ജെപി ഹൗസിങ് കോളനി, തളങ്കര ക്ലസ്റ്റര്‍, ബദി ബാഗിലു, കോട്ടക്കണ്ണി എന്നിവിടങ്ങളിലായി രണ്ടായിരത്തോളം വിടുകളുണ്ട്. സ്വകാര്യ ആശുപത്രി, നഗരസഭാ പൊതുശ്മശാനം, റേഷന്‍ ഷോപ്പ്, നുള്ളിപ്പാടി അയ്യപ്പ സ്വാമി ക്ഷേത്രം, നുള്ളിപ്പാടി മുഹിയുദ്ദീന്‍ ജുമാമസ്ജിദ്, കോട്ടക്കണ്ണി സെന്റ് തോമസ് ദേവാലയം, അണങ്കൂര്‍ ഗവ. ആയുര്‍വേദാശുപത്രി, ഓട്ടോ സ്റ്റാന്റ് വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയവ ഇവിടെയുണ്ട്. അണങ്കൂര്‍ ഭാഗത്ത് നിന്നു കോട്ടക്കണ്ണി ഭാഗത്തേക്കു പോകേണ്ടവര്‍ പുതിയ ബസ് സ്റ്റാന്റിലെത്തി വേണം തിരിച്ചുപോകാന്‍. കോട്ടക്കണി ഭാഗത്ത് നിന്നുള്ള വാഹനങ്ങള്‍ അണങ്കൂരിലെ്ത്തി അടിപ്പാത വഴി ചുറ്റിവരണം.
Post a Comment
0 Comments