ചട്ടഞ്ചാല്‍: 60 ലക്ഷം രൂപ ചെലവില്‍ മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്കിയക്ക് വിധേയയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മരണപ്പെട്ട സംഭവത്തില്‍ കോഴിക്കോട്ടെ ആസ്റ്റര്‍ മിംസ് ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തു. പൊയിനാച്ചി മയിലാട്ടി റമീസ വില്ലയിലെ ഹുസൈന്‍ കൊളത്തൂരിന്റെ ഏകമകള്‍ എച്ച്. റമീസ തസ്ലിമി(16)ന്റെ മരണവുമായി ബന്ധപ്പെട്ടാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തത്. ചട്ടഞ്ചാല്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ റമീസയെ തലസീമിയ മേജര്‍ രോഗം ബാധിച്ചതിനെ തുടര്‍ന്ന് അഞ്ചുമാസം മുമ്പാണ് കോഴിക്കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ശസ്ത്രക്രിയ നടത്തിയിട്ടും കഴിഞ്ഞ ദിവസം റമീസ മരണപ്പെട്ടു. പെണ്‍കുട്ടിയുടെ മരണത്തിന് കാരണം ചികിത്സാ പിഴവാണെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷന്‍, ബാലാവകാശ കമ്മീഷന്‍, ഡി.എം.ഒ എന്നിവര്‍ക്കും കുടുംബം പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, കുട്ടിയുടെ മരണത്തിന് കാരണം ശസ്ത്രക്രിയക്ക് ശേഷമുളള അണുബാധയാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇക്കാര്യത്തെക്കുറിച്ച് പെണ്‍കുട്ടിയുടെ കുടുംബത്തിന് നേരത്തെ വിശദമാക്കി കൊടുത്തിരുന്നതായും ആശുപത്രി അധികൃതര്‍ പറയുന്നു.
Post a Comment
0 Comments