Type Here to Get Search Results !

Bottom Ad

ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്; ഡി.വൈ.എഫ്.ഐ. മുന്‍ നേതാവിനെതിരെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നാവശ്യം


കാസര്‍കോട്: ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ സി.ബി.ഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ഇന്‍കം ടാക്സ് തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സംയുക്തമായി അന്വേഷിക്കണമെന്നു തട്ടിപ്പിനിരയായവരുടെ കൂട്ടായ്മ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പുത്തിഗെ ബാഡൂര്‍ എ.എല്‍.പി സ്‌കൂള്‍ അധ്യാപികയും ഡി.വൈ.എഫ്.ഐ. മുന്‍ നേതാവുമായ സചിതാ റൈയാണ് ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് പണം തട്ടിയത്. ഇതുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരേ ജില്ലയിലും കര്‍ണാടകയിലെ ഉപ്പിനങ്ങാടിയിലുമായി 20 കേസുകള്‍ നിലവിലുണ്ട്.

തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള കേസില്‍ നിലവില്‍ ഇവരെ മാത്രമാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും എന്നാല്‍ ഇവര്‍ ഒറ്റയ്ക്കല്ല തട്ടിപ്പ് നടത്തിയതെന്നുമാണ് തട്ടിപ്പിനിരയാക്കപ്പെട്ടവരുടെ വാദം. അറസ്റ്റിലായ സചിതാ റൈയുടെ ഭര്‍ത്താവ് കോഴിക്കോട് സ്വദേശി ജിബിന്‍ അശോകാണ് തട്ടിപ്പിന് പിന്നിലെ സൂത്രധാരനെന്നാണ് ഇവര്‍ ആരോപിക്കുന്നത്. അതോടൊപ്പം അശ്വതി, നയന, ഉഷ എന്നിവരും തട്ടിപ്പ് നടത്തിയ സംഘത്തിലുണ്ടെന്നും ഇവര്‍ പറഞ്ഞു.

കര്‍ണാടക ഉഡുപ്പിയിലെ ചന്ദ്രശേഖരന്‍ കുന്ദാര്‍, ഉപ്പള ഐലയിലെ ബി.ജെ.പി. പ്രാദേശിക നേതാവ് പുഷ്പരാജ് എന്നിവരുടെ പങ്കുമുണ്ടെന്നും സംശയിക്കുന്നതായി അവര്‍ പറഞ്ഞു. നിലവില്‍ ഇവര്‍ക്കെതിരേ കേസ് കൊടുത്ത 20 പേരേ കൂടാതെ നിരവധി പേരില്‍ നിന്നായി ആകെ 15 കോടിയിലേറെ രൂപ തട്ടിപ്പ് നടത്തിയതായി തട്ടിപ്പിനിരയായവര്‍ പറയുന്നു. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ 9.5 കോടിയുടെ ഇടപാട് സചിതാ റൈയുടെ അക്കൗണ്ട് വഴി നടത്തിയതായി കണ്ടെത്തിയിട്ടുണ്ടെന്നാണ് പരാതിക്കാര്‍ പറയുന്നത്. ഇതു തന്നെ പൊലീസ് അന്വേഷണം ശരിയായ ദിശയിലല്ല നടക്കുന്നതെന്നതിന്റെ തെളിവാണ്. തട്ടിപ്പിനിരയായി പണം തിരികെ കിട്ടാതെ പരാതിയുമായി പൊലീസിനെ സമീപിക്കുന്നവരെ ഭീഷണിപ്പെടുത്തി പരാതി പിന്‍വലിപ്പിക്കാനാണ് അറസ്റ്റിലായ സചിതാ റൈയുടെ ഭര്‍ത്താവ് ജിബിന്‍ അശോകന്‍ ശ്രമിക്കുന്നതെന്നും അവര്‍ ആരോപിക്കുന്നു. പരാതി നല്‍കാതിരുന്നാല്‍ പണം തിരികെ നല്‍കി ഒത്തുതീര്‍പ്പാക്കാമെന്നും കേസ് കൊടുത്താല്‍ ഒരുരൂപ പോലും തിരികെ ലഭിക്കില്ലെന്നുമാണ് ഇദ്ദേഹം പണം തിരികെ ആവശ്യപ്പെടുന്നവരോട് പറയുന്നത്.

കോടികളുടെ തട്ടിപ്പ് നടത്തിയ വിഷയത്തില്‍ സമഗ്രാന്വേഷണത്തിലൂടെ ഇതിന്റെ ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയവരെയും പിറകിലുള്ളവര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കണമെന്നും തട്ടിപ്പിനരയായവര്‍ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ സചിതാ റൈക്കെതിരേ ആദ്യമായി കേസ് നല്‍കിയ ലോകേഷ് ഷെട്ടി, അദ്ദേഹത്തിന്റെ ഭാര്യ നിഷ്മിത ഷെട്ടി, മോക്ഷിത് ഷെട്ടി, മലേഷ് ബാഡൂര്‍ പങ്കെടുത്തു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad