തൃക്കരിപ്പൂര്‍: അഞ്ചുനാള്‍ കലയുടെ പെരുങ്കളിയാട്ടത്തിന് ഉദിനൂര്‍ ഒരുങ്ങി. ആറായിരത്തോളം വിദ്യാര്‍ഥികള്‍ സര്‍ഗസമന്വയത്തിന്റെ ദൃശ്യവിരുന്ന സമ്മാനിക്കുന്ന ജില്ലാ കലോത്സവത്തിന് നാളെ തിരിതെളിയും. നാളെ വൈകുന്നേരം നാലു മണിക്ക് മുത്തുക്കുടകളുടെയും ചെണ്ടമേളത്തിന്റെയും വിവിധ കലാരൂപങ്ങളുടെയും അകമ്പടിയോടുകൂടിയ വിളംബര ഘോഷയാത്ര നടക്കും. നടക്കാവില്‍ നിന്ന് ആരംഭിച്ച് സ്‌കൂളില്‍ സമാപിക്കും.
316 ഇനങ്ങള്‍, 12 വേദികള്‍
ഏഴ് സബ് ജില്ലകളില്‍ നിന്ന് 316 ഇനങ്ങളിലായി സ്റ്റേജ്, ഓഫ് സ്റ്റേജ് മത്സരങ്ങളില്‍ ആറായിരത്തോളം കുട്ടികളാണ് യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി വിഭാഗങ്ങളിലായി മത്സരിക്കുക. ആതിഥേയ സ്‌കൂളിലെ അഞ്ചു വേദികളും ഉദിനൂര്‍ സെന്‍ട്രല്‍ എയുപി സ്‌കൂളിലെ രണ്ടു വേദികളും ഉദിനൂര്‍ ക്ഷേത്രപാലക അമ്പലപരിസരത്തുള്ള രണ്ടു വേദികളും തടിയന്‍ കൊവ്വലിലെ രണ്ടു വേദികളും കിനാത്തിലെ ഒരു വേദിയും ഉള്‍പ്പെടെ 12 വേദികളിലായാണ് മത്സരങ്ങള്‍ അരങ്ങേറുക. ഈ വര്‍ഷം മുതല്‍ അഞ്ചു ഗോത്ര നൃത്തരൂപങ്ങള്‍ കൂടി ( മംഗലംകളി, പണിയനൃത്തം, മലപുലയാട്ടം, പളിയനൃത്തം, ഇരുള നൃത്തം) മത്സരയിനങ്ങളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 26,27 തിയതികളില്‍ ഓഫ് സ്റ്റേജ് മത്സരങ്ങളും 28,29,30 തിയതികളില്‍ സ്റ്റേജ് മത്സരങ്ങളും നടക്കും.
ഉദ്ഘാടനത്തിന് നടന്‍; സമാപനത്തിന് മന്ത്രി
കലോത്സവത്തിന്റെ ഉദ്ഘാടനം 28ന് വൈകുന്നേരം നാലു മണിക്ക് പ്രശസ്ത സിനിമാ താരവും സംവിധായകനുമായ ശ്രീ മധുപാല്‍ നിര്‍വഹിക്കും. അതേവേദിയില്‍ കലോത്സവത്തിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന സുവനീര്‍ പ്രകാശനം ചെയ്യും. എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മറ്റു ജനപ്രതിനിധികള്‍, വിദ്യാഭ്യാസ ഓഫീസര്‍മാര്‍ സംബന്ധിക്കും. കലോത്സവത്തിന്റെ സമാപന സമ്മേളനം 30ന് വൈകുന്നേരം നാലു മണിക്ക് സംസ്ഥാന പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളി ഉദ്ഘാടനം ചെയ്യും. രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യാതിഥിയാകും. വിവിധ മേഖലയിലുള്ള സംരംഭകര്‍ പങ്കെടുക്കുന്ന വ്യവസായ വാണിജ്യ വകുപ്പിന്റെ ഈവര്‍ഷത്തെ ജില്ലാതല ഉത്പന്ന പ്രദര്‍ശന- വിപണനമേള 26 മുതല്‍ 30 വരെ കലോത്സവ നഗരിയില്‍ നടക്കും.
16 വര്‍ഷങ്ങള്‍ക്ക് ശേഷം ഉദിനൂരിന്റെ മണ്ണില്‍ എത്തിച്ചേരുന്ന ജില്ലാ സ്‌കൂള്‍ കലോത്സവത്തിനായി വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നതെന്ന് തൃക്കരിപ്പൂര്‍ എം.എല്‍.എ എം. രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ, സംഘാടക സമിതി ചെയര്‍മാന്‍ സി.ജെ സജിത്ത്, പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി മുഹമ്മദ് അസ്ലം, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം. സുമേഷ്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സത്യന്‍ മാടക്കാല്‍,പിടിഎ പ്രസിഡന്റ് വി.വി സുരേശന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.വി ലീന, പ്രധാനാധ്യാപിക കെ. സുബൈദ, മീഡിയ കണ്‍വീനര്‍ റാഷിദ് മൂപ്പന്റകത്ത്, മീഡിയ ചെയര്‍മാന്‍ വിജിന്‍ദാസ് കിനാത്തില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
Post a Comment
0 Comments