തിരുവനന്തപുരം: ഇടയ്ക്ക് കണ്ണടച്ചിരുന്ന എ.ഐ. ക്യാമറകള്‍ വീണ്ടും ജാഗരൂകമായി. വാഹനയാത്രക്കാർക്കു പിഴകള്‍ വന്നുതുടങ്ങി. സീറ്റ്ബെല്‍റ്റും ഹെല്‍മെറ്റും തുടങ്ങി മഞ്ഞവര തെറ്റിക്കുന്നവർക്കുവരെ വൻ തുക പിഴ ചുമത്തിക്കൊണ്ടുള്ള സന്ദേശങ്ങളാണ് വന്നുതുടങ്ങിയത്. ഏഴുദിവസത്തിനകം പിഴ ഒടുക്കിയില്ലെങ്കില്‍ കോടതിക്കു കൈമാറും എന്ന അറിയിപ്പുമുണ്ട്. കെല്‍ട്രോണിനു നല്‍കാനുള്ള തുക സർക്കാർ കൈമാറിയതോടെയാണ് വീണ്ടും ക്യാമറകള്‍ പ്രവർത്തിക്കാനും ഗതാഗതലംഘനങ്ങള്‍ കണ്ടെത്താനും തുടങ്ങിയത്.
ഇടക്കാലത്ത് സാങ്കേതികപ്രശ്നങ്ങളും മറ്റും കാരണം എ.ഐ. ക്യാമറകള്‍ വഴിയുള്ള പിഴ മന്ദഗതിയിലായിരുന്നു. മഞ്ഞ ലൈറ്റ് തെളിഞ്ഞിരിക്കേ വാഹനം മുന്നോട്ടെടുത്തതിനും സീബ്രാലൈനില്‍ കയറ്റി നിർത്തിയതിനുമൊക്കെ മൂവായിരം രൂപ പിഴയീടാക്കിയതായി പലരും പരാതിപ്പെടുന്നു. പോങ്ങുംമൂട് സ്വദേശിയായ സന്തോഷ് എന്നയാള്‍ക്ക് കഴിഞ്ഞദിവസം പട്ടം ജങ്ഷനില്‍ സിഗ്നല്‍ തെറ്റിച്ചതിന് രണ്ടുതവണയാണ് മൂവായിരം രൂപ വീതം പിഴ വന്നത്. അടുത്തദിവസം വര മുറിച്ചുകടന്നതിന് ഇതേയാള്‍ക്കു വീണ്ടും മൂവായിരം രൂപ പിഴയിട്ടു.
Post a Comment
0 Comments