കാസര്‍കോട്: പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷ വിട്ടുകൊടുക്കാത്തതിന്റെ മനോവിഷമത്തില്‍ കഴിയുകയായിരുന്ന ഓട്ടോ ഡ്രൈവറെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. കാസര്‍കോട് ടൗണ്‍ എസ്‌ഐ പി. അനൂപിനെയാണ് ചന്തേരയിലേക്ക് സ്ഥലം മാറ്റിയത്. കാസര്‍കോട് റെയില്‍വെ സ്റ്റേഷനു സമീപം വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചു വരികയായിരുന്ന അബ്ദുല്‍ സത്താറിന്റെ (55) മരണവുമായി ബന്ധപ്പെട്ടാണ് സ്ഥലം മാറ്റം.
നഗരത്തില്‍ ഓട്ടോറിക്ഷ ഓടിച്ച് കുടുംബം പുലര്‍ത്തുകയായിരുന്നു സത്താറിന്റെ ഓട്ടോ റിക്ഷ നാലു ദിവസം മുമ്പാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കാസര്‍കോട് ഗീത ജംഗ്ഷന്‍ റോഡില്‍ പൊതുജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും മാര്‍ഗതടസം ഉണ്ടാക്കുന്നവിധം റോഡിന്റെ മധ്യത്തില്‍ നിര്‍ത്തിയെന്ന കുറ്റം ചുമത്തിയാണ് ബിഎന്‍എസ്എസ് ആക്ട് 35/3 പ്രകാരം നോട്ടീസ് നല്‍കി സത്താര്‍ ഓടിച്ച ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തത്. വായ്പ എടുത്താണ് ഓട്ടോറിക്ഷ വാങ്ങിയതെന്നും വാഹനം വിട്ടുതരണമെന്നും കരഞ്ഞു പറഞ്ഞ് ആവശ്യപ്പെട്ട് പലതവണ പൊലീസ് സ്റ്റേഷനിലേക്ക് പോയെങ്കിലും എസ്‌ഐ അനൂപ് ഓട്ടോറിക്ഷ വിട്ടുകൊടുക്കാന്‍ തയാറായില്ലെന്നാണ് ആക്ഷേപം. ഓട്ടോ ഡ്രൈവറോട് പൊലീസ് കാണിച്ച ക്രൂരതയില്‍ പലഭാഗത്തു നിന്നും വലിയ രീതിയില്‍ പ്രതിഷേധമുയര്‍ന്നിരുന്നു.
Post a Comment
0 Comments