കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ കുറിച്ച് പ്രമുഖ പണ്ഡിതനും വിദ്യാഭ്യാസ പ്രവര്‍ത്തകനും ഖുര്‍ത്തുബ ഫൗണ്ടേഷന്‍ ഡയറക്ടറുമായ ഡോ. സുബൈര്‍ ഹുദവി പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. ദാറുല്‍ ഹുദയിലെ പഠനകാലത്തെ പ്രഭാഷകനായി വയനാട് പോയപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുന്ന കുറിപ്പാണ് ശ്രദ്ധേയമാവുന്നത്. പ്രസംഗം കഴിഞ്ഞശേഷം തങ്ങള്‍ തന്നെ പാണക്കാട്ടെ വീട്ടിലേക്ക് കൊണ്ടുപോയെന്നും അവിടെ നല്‍കിയ ആതിഥ്യവും കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്.
സാദിഖലി തങ്ങള്‍ക്കെതിരെ സമസ്ത സെക്രട്ടറി ഉമര്‍ഫൈസി മുക്കം രംഗത്തെത്തിയതിന് പിന്നാലെയാണ് സുബൈര്‍ഹുദാവിയുടെ കുറിപ്പ്. യോഗ്യതയില്ലാത്ത പലരും ഖാസിമാരായിട്ടുണ്ടെന്നും രാഷ്ട്രീയത്തിന്റെ പേരില്‍ ഖാസിയാകാനും ചിലരുണ്ടെന്നും പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ചില കാര്യങ്ങള്‍ തുറന്നുപറയേണ്ടി വരുമെന്നുമാണ് ഉമര്‍ ഫൈസി മുക്കത്തിന്റെ വിമര്‍ശനം.
നിരവധി പേരുടെ മനസ്സില്‍ സന്തോഷം നിറക്കുന്ന, ഏതൊരാവശ്യത്തിനും അവര്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നുന്ന, രാവിലെ മുതല്‍ രാവേറെ ചെല്ലുവോളം ജനങ്ങളുടെ ആവശ്യത്തിനുവേണ്ടി ഓടി നടക്കുന്ന, പാണക്കാട്ടെ പ്രിയപ്പെട്ടവരെ കാണുമ്പോഴെല്ലാം ഈ ഹദീസ് ഓര്‍മ്മ വരും എന്ന് അവസാനിക്കുന്നതാണ് കുറിപ്പ്.
കുറിപ്പിൻറെ പൂർണ്ണരൂപം-
1999-2000 കാലത്താണ്. ദാറുൽ ഹുദയിൽ പഠിക്കുന്നു. വയനാട് കമ്പളക്കാട് ഒരു പ്രോഗ്രാമിന് പ്രഭാഷകനായി പോയി. ഉദ്ഘാടനം സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ. ഉദ്ഘാടനം ചെയ്തു തങ്ങൾ വേദിയിൽ നിന്നിറങ്ങിപ്പോയി.
പ്രസംഗം എല്ലാം കഴിഞ്ഞപ്പോൾ രാവേറെ ചെന്നിട്ടുണ്ട്. അപ്പോൾ തങ്ങൾ വീണ്ടും പരിപാടി നടക്കുന്ന സ്ഥലത്തെത്തി. ഇയാൾക്ക് ഇനി ഭക്ഷണം ഒന്നും കൊടുക്കേണ്ട, എൻറെ കൂടെ പോന്നോട്ടെ, എന്ന് തങ്ങൾ. നല്ല വിശപ്പുണ്ടെങ്കിലും തങ്ങളുടെ കൂടെ കാറിൽ കയറി.
കുറച്ചു സഞ്ചരിച്ചപ്പോൾ ഒരു ബോട്ടിൽ തന്നു, കൈ കഴുകാൻ പറഞ്ഞു. ഒരു പേപ്പർ തന്നു മടിയിൽ വിരിക്കാനും. ഒരു പൊതി തന്ന് , നിങ്ങൾക്കുള്ള ചോറാണ്, കഴിച്ചു കഴിഞ്ഞാൽ പറയണം. ഏകദേശം ചുരം ഇറങ്ങാൻ തുടങ്ങിയപ്പോൾ വണ്ടി നിർത്തി, കൈകഴുകി, അല്പനേരം ഒന്ന് റിലാക്സ് ചെയ്തു.
പാണക്കാട്ട് വീട്ടിലെത്തിയപ്പോൾ 2 മണി കഴിഞ്ഞിട്ടുണ്ട്. പുറത്തെ റൂമിലേക്ക് ബെഡും തലയിണയും എല്ലാം എടുത്തു കൊണ്ടുവന്നു തങ്ങൾ പറഞ്ഞു, ഇവിടെ കിടന്നു ഉറങ്ങിക്കോളൂ, രാവിലെ എഴുന്നേറ്റ്, നാശ്ത എല്ലാം കഴിച്ച് പോയാൽ മതി. വണ്ടിയുടെ ശബ്ദവും ആളുകളുടെ സംസാരവും കേട്ടാണ് ഉണർന്നത്. സമയം നാലു മണി കഴിഞ്ഞിട്ടേ ഉള്ളൂ. പുറത്തു ചെന്ന് നോക്കിയപ്പോൾ തങ്ങൾ പറഞ്ഞു, ഒരു വീട് ഇരിക്കലിന് പോകാനുണ്ട്, നിങ്ങൾ ഉറങ്ങി ഭക്ഷണം കഴിച്ചു പോയാൽ മതി.
തലേദിവസം രാവിലെ തുടങ്ങിയ തിരക്കുകൾ അടുത്ത ദിവസം പുലർച്ചെ രണ്ടുമണിക്ക് അവസാനിപ്പിച്ച് ഒന്നൊന്നര മണിക്കൂർ മാത്രം ഉറങ്ങി അടുത്ത ദിവസത്തെ തിരക്കുകളിലേക്ക് പാണക്കാട്ടെ അന്നത്തെ ചെറിയ തങ്ങന്മാരിലൊരാൾ പുറപ്പെടുകയായി ( മുഹമ്മദലി, ഉമറലി, ഹൈദറലി തങ്ങൾ ന്മാർ എല്ലാം ആക്ടീവായി ഉള്ള കാലം).
ഇങ്ങനെ ദിവസം മുഴുവനും യാത്ര ചെയ്യുന്ന, ആളുകളുടെ സന്തോഷങ്ങളിലും ദുഃഖങ്ങളിലും പങ്കെടുക്കുന്ന, ഒരുപാട് പേരുടെ പ്രയാസങ്ങളിൽ കൈത്താങ്ങ് നൽകുന്ന, സ്ഥാപനങ്ങളും സംവിധാനങ്ങളും നടത്തുന്നതിൻ്റെ പിന്നിലെ പ്രചോദന ശക്തികളായി നിലനിൽക്കുന്ന ഇവർ പ്രസരിപ്പിക്കുന്ന സൗരഭ്യം എത്രയോ ഹൃദയ ഹാരിയാണ്, സന്തോഷദായകമാണ്.
"അല്ലാഹുവിന്ന് ജനങ്ങളിൽ നിന്നേറ്റവും ഇഷ്ടം ജനങ്ങൾക്ക് ഏറ്റവും ഉപകാരമുള്ളവരെയാണ്, ഏറ്റവും ഇഷ്ടമുള്ള പ്രവർത്തനം മറ്റൊരാളുടെ മനസ്സിൽ സന്തോഷം നിറക്കലാണ്, ഒരാളുടെ വിശപ്പ് മാറ്റലാണ്, പ്രയാസങ്ങൾ ദൂരീകരിക്കലാണ്, കടങ്ങൾ വീട്ടാൻ മാർഗം കാണിക്കലാണ്, എൻറെ ഒരു സഹോദരൻറെ ഒരു ആവശ്യത്തിനു അവരുടെ കൂടെ പോകലാണ് മദീനയിലെ പള്ളിയിൽ ഇഅത്തികാഫ് ഇരിക്കുന്നതിനേക്കാൾ എനിക്കിഷ്ടം " ഏറ്റവും ഇഷ്ടപ്പെട്ട പ്രവാചക വചനങ്ങളിലൊന്നാണിത്.
നിരവധി പേരുടെ മനസ്സിൽ സന്തോഷം നിറക്കുന്ന, ഏതൊരാവശ്യത്തിനും അവർ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നുന്ന, രാവിലെ മുതൽ രാവേറെ ചെല്ലുവോളം ജനങ്ങളുടെ ആവശ്യത്തിനുവേണ്ടി ഓടി നടക്കുന്ന, പാണക്കാട്ടെ പ്രിയപ്പെട്ടവരെ കാണുമ്പോഴെല്ലാം ഈ ഹദീസ് ഓർമ്മ വരും.
Post a Comment
0 Comments