കാസര്‍കോട്: ഓട്ടോറിക്ഷ പൊലീസ് കസ്റ്റഡിയിലെടുത്തതിന്റെ മനോവിഷമത്തില്‍ കഴിയുകയായിരുന്ന ഓട്ടോ ഡ്രൈവറെ ക്വാട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. റെയില്‍വേ സ്റ്റേഷന്‍ റോഡിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ അബ്ദുല്‍ സത്താറിനെ (55)യാണ് കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ റോഡിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നു വര്‍ഷത്തോളമായി നഗരത്തില്‍ ഓട്ടോറിക്ഷ ഓടിച്ച് കുടുംബം പുലര്‍ത്തുകയായിരുന്നു സത്താര്‍. നാലു ദിവസം മുമ്പ് വൈകിട്ട് 5.55 മണിയോടെ കാസര്‍കോട് ഗീതാ ജംഗ്ഷന്‍ റോഡില്‍ സത്താര്‍ ഓടിച്ച ഓട്ടോറിക്ഷ മാര്‍ഗതടസം ഉണ്ടാക്കുന്നവിധം റോഡിന്റെ മധ്യത്തില്‍ നിര്‍ത്തിയെന്ന കുറ്റം ചുമത്തി ബിഎന്‍എസ്എസ് ആക്ട് 35/3 പ്രകാരം നോട്ടീസ് നല്‍കി ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തിരുന്നു.
വായ്പ എടുത്താണ് ഓട്ടോറിക്ഷ വാങ്ങിയതെന്നും വാഹനം വിട്ടുതരണമെന്നും ആവശ്യപ്പെട്ട് പലതവണ പൊലീസ് സ്റ്റേഷനിലേക്ക് പോയെങ്കിലും പൊലീസ് ഓട്ടോ വിട്ടുകൊടുക്കാന്‍ തയാറായില്ലെന്നെ പറയുന്നു. പിന്നീട് സഹപ്രവര്‍ത്തകരായ മറ്റു ഓട്ടോ ഡ്രൈവര്‍മാര്‍ക്കൊപ്പം കാസര്‍കോട് ഡിവൈഎസ്പി ഓഫീസില്‍ നേരിട്ട് ചെന്ന് അദ്ദേഹവുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയെങ്കിലും തിരിച്ച് സ്റ്റേഷനില്‍ എത്തിയപ്പോള്‍ പല കാരണങ്ങള്‍ പറഞ്ഞ് ഓട്ടാറിക്ഷ വിട്ടുകൊടുക്കാതെ തടഞ്ഞുവെക്കുകയായിരുന്നുവെന്നാണ് ആക്ഷേപം.
ഇതിനു പിന്നാലെയാണ് തിങ്കളാഴ്ച വൈകിട്ടോടെ സത്താറിനെ ക്വാര്‍ട്ടേഴ്സിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതോടെ ഡ്രൈവര്‍മാര്‍ സംഘടിക്കുകയും ഇന്‍ക്വസ്റ്റ് നടപടിക്കെത്തിയ പൊലീസിനെ തടയുകയും ചെയ്തു. 250രൂപ പിഴയടച്ച് വിട്ടുകൊടുക്കേണ്ട ഓട്ടോറിക്ഷയാണ് പൊലീസ് അനാവശ്യമായി പിടിച്ചുവച്ചതെന്നാണ് ആരോപണം.
Post a Comment
0 Comments