കാസര്‍കോട്: തായലങ്ങാടിയില്‍ നൂറ്റാണ്ടുകളായി പ്രവര്‍ത്തിച്ചുവന്നിരുന്ന റെയില്‍വേ ലെവല്‍ ക്രോസ് അടച്ചുപൂട്ടിയ നടപടി അടിയന്തിരമായി പിന്‍വലിച്ച് ജനങ്ങളുടെ യാത്രാസൗകര്യം പുനസ്ഥാപിക്കണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ ആവശ്യപ്പെട്ടു. റെയില്‍വേ ലൈന്‍ നിലവില്‍ വന്ന കാലം മുതല്‍ പ്രവര്‍ത്തിച്ചിരുന്ന കാസര്‍കോട് തായലങ്ങാടിയിലെ റെയില്‍വേ ലെവല്‍ ക്രോസ് തീര്‍ത്തും അടച്ച് പൂട്ടിയതിനാല്‍ പരിസര പ്രദേശങ്ങളിലുള്ള നൂറുകണക്കിന് വീടുകളിലെ താമസക്കാരും ശ്രീവെങ്കട്ടരമണ ക്ഷേത്രത്തിലേക്കും തായലങ്ങാടി ഖിളര്‍ ജുമാമസ്ജിദിലേക്കും ദിനംപ്രതി എത്തുന്ന വിശ്വാസികളും വഴിയില്ലാതെ യാത്രാദുരിതം അനുഭവിക്കുകയാണ്.
1907ല്‍ റെയില്‍ വേ ലെയിന്‍ ആരംഭിച്ചത് മുതല്‍ ഒരു പ്രദേശത്തെ ജനങ്ങള്‍ കാസര്‍കോട് നഗരവുമായി ബന്ധപ്പെടാന്‍ ആശ്രയിച്ചിരുന്ന യാത്രാമാര്‍ഗ്ഗമാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ അടച്ചു പൂട്ടിയിട്ടുള്ളത്. ഷൊര്‍ണൂര്‍- മംഗളൂരു പാതയിലെ 839 മുതല്‍ 840 വരെയുള്ള കെഎമ്മിലാണ് ലെവല്‍ ക്രോസ് സ്ഥിതി ചെയ്യുന്നത്. അടുത്ത കാലത്ത് റെയില്‍വേ ലൈന്‍ ഇരട്ടിപ്പിച്ചതിന് ശേഷവും വാഹനങ്ങള്‍ കടന്നുപോകാന്‍ ലെവല്‍ ക്രോസ് തുറന്നിടുമായിരുന്നു. നിലവില്‍ കാല്‍നട യാത്ര പോലും നിഷേധിച്ച് കൊണ്ടാണ് റെയില്‍വേ അധികൃതര്‍ ഷീറ്റ് വെച്ച് വഴിയടച്ചത്. ഇതുമൂലം പ്രദേശവാസികള്‍ കടുത്ത യാത്രാദുരിതം അനുഭവിക്കുകയാണ്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പരിസര വാസികളായ ജനങ്ങളുടെ യാത്ര സൗകര്യത്തിനായി സ്ഥാപിച്ച ലെവല്‍ ക്രോസ് അടിയന്തിരമായി തുറന്നു കൊടുക്കാന്‍ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്നും അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു.
Post a Comment
0 Comments