മുസ്ലിം സംഘടനകളെ പാര്‍ട്ടിയുടെ കണ്ണൂര്‍, കോഴിക്കോട് നേതൃത്വങ്ങള്‍ മുഖാന്തിരം അനുനയിപ്പിക്കാന്‍ നടത്തിയ നീക്കങ്ങളോട് മുഖംതിരിച്ച് പ്രമുഖ സംഘടനകള്‍. സിപിഎമ്മിനൊപ്പം ഒരു മുസ്ലിം സംഘടനകളും ഇല്ലാത്ത സ്ഥിതി അഞ്ചു പതിറ്റാണ്ടിനിടയില്‍ ആദ്യമായാണ് വന്നു ചേര്‍ന്നത്. 1989ന് ശേഷം ഇത്തരമൊരു സാഹചര്യം സിപിഎം കേരളത്തില്‍ നാളിതുവരെ നേരിട്ടിട്ടില്ല. അതുകൊണ്ട് തന്നെ പ്രവചനാതീതമായ നിലയില്‍, ചുരുങ്ങിയത് മലബാര്‍ മേഖലയിലെങ്കിലും സിപിഎമ്മിന് മാരക തിരിച്ചടിയുണ്ടാകുമെന്ന് കണ്ടാണ് കാന്തപുരം വിഭാഗത്തെയും വിമത ഇകെ സമസ്ത വിഭാഗത്തെയും ഒപ്പം നിര്‍ത്താനുള്ള ശ്രമവുമായി കണ്ണൂര്‍, കോഴിക്കോട് സിപിഎം ജില്ലാ നേതൃത്വങ്ങള്‍ രംഗത്തിറങ്ങിയത്. എന്നാല്‍ ചര്‍ച്ചകള്‍ക്ക് പോലും മുസ്ലിം സമുദായ നേതൃത്വങ്ങള്‍ വിമുഖത കാട്ടി.
എന്നാല്‍ പലകാലത്തും ഇടതനുകൂല നിലപാടു സ്വീകരിച്ച കാന്തപുരം സമസ്ത, ജമാഅത്ത് ഉള്‍പ്പടെയുള്ള സംഘടനകള്‍ അനുനയ നീക്കങ്ങളോട് മുഖംതിരിച്ചുനിന്നപ്പോഴും സിപിഎമ്മിനോട് അനുഭാവം കാണിക്കാന്‍ ശ്രമം നടത്തിയ ഇകെ സമസ്തയിലെ ഇടതു അനുഭാവികളായ മുക്കം ഉമര്‍ ഫൈസിയടക്കമുള്ളവര്‍ സംഘടനയില്‍ ഒറ്റപ്പെട്ടു. മാത്രമല്ല, ചുരുങ്ങിയത് മാസത്തില്‍ ഒന്നെങ്കിലും ലീഗ് വിരുദ്ധാഭിപ്രായം നടത്തുന്ന ഇടതനുകൂലികളായ ഇ.കെ സമസ്തക്കാരെ പ്രതികരണത്തിന് പോലും മാധ്യമങ്ങള്‍ക്ക് ലഭിക്കാതെയുമായി.
അന്‍വറിനെതിരെ നിലപാടെടുക്കുന്നുവെന്ന് തോന്നിപ്പിച്ച് കടുത്ത യുഡിഎഫ് വിമര്‍ശനവുമായി രംഗത്തു വന്ന ജലീലിനെതിരായ നിലപാട് കാന്തപുരം സമസ്തയും ശക്തമാക്കി. അദ്ദേഹത്തിന്റെ സമീപകാല പ്രസ്താവനകളെ മുന്‍നിര്‍ത്തി തന്നെയാകും ഇതെന്ന് വ്യക്തമാകുമ്പോള്‍ രാഷ്ട്രീയ ലൈന്‍ തെളിയും. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിലെ ഇടതു തരംഗത്തിനിടയിലും തവനൂര്‍ മണ്ഡലത്തില്‍ നിന്ന് കഷ്ടിച്ചാണ് ജലീല്‍ കടന്നു കൂടിയത്. കാന്തപുരം വിഭാഗത്തിന് സ്വീകാര്യത നഷ്ടപ്പെട്ടതാണ് ജലീലിന്റ ഭൂരിപക്ഷം മുന്‍ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പത്തിലൊന്നായി ചുരുങ്ങാന്‍ കാരണമെന്ന പൊതു വിലയിരുത്തലാണ് അന്നുണ്ടായത്. പുതിയ സംഭവ വികാസങ്ങള്‍ ജലീലിനെ കൂടുതല്‍ ഒറ്റപ്പെടുത്തുന്ന സാഹചര്യമാണ് സൃഷ്ടിച്ചത്.
പിണറായി ഭരണത്തില്‍ പോലീസില്‍ ആര്‍എസ്എസ് വല്‍ക്കരണമാണെന്ന് കുറ്റപ്പെടുത്തി മുഖപ്രസംഗമടക്കം അഞ്ചു ലേഖനങ്ങളാണ് കാന്തപുരം സുന്നി സ്റ്റുഡന്റ് ഫെഡറേഷന്റെ മുഖപത്രം കഴിഞ്ഞ ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്. മുഖ്യമന്ത്രിയുടെ വിവാദമായ മലപ്പുറം വിരുദ്ധ പരാമര്‍ശത്തിനും പിന്നാലെ പുറത്തുവന്ന 'ദ ഹിന്ദു' അഭിമുഖത്തിനും മുമ്പ് തന്നെ മുസ്ലിം സംഘടനകളില്‍ സിപിഎമ്മിനോട് എതിര്‍പ്പ് രൂപപ്പെട്ട് തുടങ്ങിയിരുന്നെങ്കിലും പിവി അന്‍വര്‍ രംഗത്ത് എത്തിയതോടെയാണ് അത് കടുത്ത പിണറായി വിരുദ്ധതയായി ഈ സംഘടനകളില്‍ ശക്തമായത്. സര്‍ക്കാരുമായി ബന്ധപ്പെട്ട പരിപാടികളോട് നിസഹകരിക്കണമെന്ന പരസ്യ നിലപാടിലേക്ക് മുജാഹിദ് സംഘടനകളും 2019വരെ സിപിഎമ്മിനൊപ്പമുണ്ടായിരുന്ന ജമാഅത്തെ ഇസ്ലാമിയും എത്തിയിരിക്കുകയാണ്.
അഞ്ചു പതിറ്റാണ്ടിനിടെ കേരളത്തിന്റെ ജനസംഖ്യാ ഘടനയില്‍ വന്ന മാറ്റം യുഡിഎഫ് അത്രയോന്നും പഠിച്ചിട്ടില്ലെങ്കിലും സിപിഎം അതേപ്പറ്റി കൃത്യമായ ധാരണയുള്ളവരാണ്. രാഹുല്‍ ഗാന്ധിയുടെ കടന്നുവരവോടെ, പ്രത്യേകിച്ച് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തോടെ കോണ്‍ഗ്രസിനോട് രാജ്യത്തെ മുസ്ലിം വിഭാഗം പുലര്‍ത്തുന്ന ആഭിമുഖ്യം വ്യക്തമാണ്. കേരളത്തില്‍ വരാന്‍ പോകുന്ന വയനാട് ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിയെ പാര്‍ട്ടി സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിന്റെ അനുരണനങ്ങള്‍ ഉപതിരഞ്ഞെടുപ്പുകളിലും പിന്നാലെ വരുന്ന തദ്ദേശ - നിയമസഭാ തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസും യുഡിഎഫും പ്രതീക്ഷിക്കുന്നതിനിടെയാണ് പിണറായി, പാര്‍ട്ടിക്ക് മുന്നില്‍ ആര്‍എസ്എസ് ബന്ധമെന്ന ഗുരുതര പ്രതിസന്ധി സൃഷ്ടിച്ചത്.
Post a Comment
0 Comments