ഇടുക്കി; രണ്ടര മാസം മുമ്പ് നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കുട്ടിയെ അമ്മ കൊന്നതെന്നാണ് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയേയും കൊലപാതകം മറയ്ക്കാന്‍ ശ്രമിച്ച മുത്തച്ഛനേയും മുത്തശ്ശിയേയും ഉടുമ്പുന്‍ചോല പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ അമ്മ ഉടുമ്പുന്‍ചോല ചെമ്മണ്ണാര്‍ പുത്തന്‍പുരക്കല്‍ ചിഞ്ചു (27), ചിഞ്ചുവിന്റെ അച്ഛന്‍ ശലോമോന്‍(64), അമ്മ ഫിലോമിന( ജാന്‍സി,56) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തുടര്‍ച്ചയായി കരഞ്ഞതിന്റെ ദേഷ്യത്തില്‍ 59 ദിവസം പ്രായമായ ആണ്‍കുഞ്ഞിനെ ഭിത്തിയില്‍ എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഓഗസ്റ്റ് പതിനാറിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പുലര്‍ച്ചെ നാലോടെ ചിഞ്ചുവിന്റെ അമ്മ ഫിലോമിനയേയും കുഞ്ഞിനേയും കാണാതായെന്നായിരുന്ന ശലോമോന്‍ അന്ന് പറഞ്ഞിരുന്നത്. തുടര്‍ന്ന് ഉടുമ്ബന്‍ചോലപൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ രാവിലെ എട്ടോടെ വീട്ടില്‍ നിന്ന് 300 മീറ്റര്‍ മാറി തോട്ടുവക്കത്ത് ഏലത്തോട്ടത്തില്‍ നവജാത ശിശുവിനെ മരിച്ച നിലയിലും ഫിലോമിനയെ സമീപത്ത് അബോധാവസ്ഥയിലും കണ്ടെത്തുകയായിരുന്നു. കുഞ്ഞിന്റെ തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.
മരിച്ചുപോയ അയല്‍വാസി വിളിച്ചെന്ന് തോന്നിയതിനെ തുടര്‍ന്ന് കുഞ്ഞുമായി ഇറങ്ങിപ്പോയതാണെന്നാണ് ഫിലോമിന പിന്നീട് പറഞ്ഞത്. ഫിലോമിനയ്ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് ശാലോമോനും മൊഴി നല്‍കിയിരുന്നു. സംശയം തോന്നിയ പൊലീസ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഫിലോമിനയെ ഡിസ്ചാര്‍ജ് ചെയ്ത് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇവിടെ നടത്തിയ പരിശോധനയില്‍ മാനസികാസ്വാസ്ഥ്യം ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു. മൂവരേയും പലവട്ടം ചോദ്യം ചെയ്പ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.
സംഭവം ദിവസം രാത്രി കുഞ്ഞുവിശന്നു കരഞ്ഞു. കുപ്പിപ്പാല്‍ എടുക്കാനായി ഫിലോമിന അകത്തേക്ക് പോയപ്പോള്‍ കരച്ചില്‍കേട്ട് അസ്വസ്ഥയായ ചിഞ്ചു കുഞ്ഞിനെ ചുമരിലേക്ക് എറിയുകയായിരുന്നു. കുഞ്ഞ് മരിച്ചെന്ന് മനസിലായതോടെ പിന്നീട് കഥമെനയുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ മൂവരെയും റിമാന്റ് ചെയ്തു. ഈട്ടിത്തോപ്പിലെ ഭര്‍തൃഗൃഹത്തില്‍ നിന്ന് പ്രസവത്തിനായാണ് ചിഞ്ചു സ്വന്തം വീട്ടിലെത്തിയത്. നാലുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷമുണ്ടായ കുട്ടിയാണ് മരിച്ചത്.
Post a Comment
0 Comments