ബദിയടുക്ക: കാസര്‍കോട് സി.പി.സി.ആര്‍.ഐയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ പ്രതിയായ ബാഡൂര്‍ എ.എല്‍.പി സ്‌കൂള്‍ അധ്യാപിക സചിതാ റൈ(27)യുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. കിദൂര്‍ പടിക്ക ല്ലില്‍ നിഷ്മിത ഷെട്ടിയുടെ പരാതിയില്‍ കുമ്പള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സചിതാറൈ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. കാസര്‍കോട് സി.പി.സി.ആര്‍.ഐയില്‍ ജോലി വാഗ്ദാനം ചെയ്ത് 2023 മെയ് 31 മുതല്‍ ആഗസ്ത് 25 വരെയുള്ള ദിവസങ്ങളില്‍ വിവിധ ബാങ്ക് അക്കൗണ്ടുകള്‍ വഴി പണം തട്ടിയെടുത്തുവെന്ന നിഷ്മിത ഷെട്ടിയുടെ പരാതിയിലാണ് സചിതാറൈക്കെതിരെ കുമ്പള പൊലീസ് കേസെടുത്തിരുന്നത്.
കേസില്‍ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് സചിതാറൈ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. സചിതാ റൈക്കെതിരെ ചുമത്തിയിരിക്കുന്ന കേസുകളുടെ ഗൗരവം പരിഗണിച്ചും സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനാലുമാണ് ജാമ്യാപേക്ഷ തള്ളിയത്. കുമ്പളയിലെ കേസിന് പുറമെ സചിതാ റൈക്കെതിരെ ബദിയടുക്ക പൊലീസ് സ്റ്റേഷനില്‍ മൂന്ന് കേസുകളും മഞ്ചേശ്വരം പൊലീസ് സ്റ്റേഷനില്‍ ഒരു കേസും കര്‍ണ്ണാടക ഉപ്പിനങ്ങാടി പൊലീസ് സ്റ്റേഷനില്‍ ഒരു കേസും രജിസ്റ്റര്‍ ചെയ്തു. അതിനിടെ ജോലി തട്ടപ്പിനിരയായ ഒരു യുവതി കൂടി സചിതാറൈക്കെതിരെ ബദിയടുക്ക പൊലീസില്‍ പരാതി നല്‍കി.
കുമ്പഡാജെ ഗോസാഡയിലെ നാരായണന്റെ മകള്‍ രക്ഷിതയാണ് പരാതി നല്‍കിയത്. കാസര്‍കോട് സി.പി.സി.ആര്‍.ഐയില്‍ ക്ലര്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് സചിതാറൈ അഞ്ചുലക്ഷം രൂപ തട്ടിയെടു ത്തുവെന്നാണ് പരാതിയില്‍ പറയുന്നത്. 2023 ഒക്ടോബര്‍ മാസത്തില്‍ രക്ഷിത രണ്ടു ലക്ഷം രൂപയാണ് സചിതാറൈക്ക് നല്‍കിയിരുന്നത്. പിന്നീട് മൂന്നു ലക്ഷം രൂപ കൂടി നല്‍കി. ജോലി ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് രക്ഷിത ഇതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ സചിതാറൈ ഒഴിഞ്ഞുമാറുകയായിരുന്നു.
Post a Comment
0 Comments