ആദൂര്‍: 35കാരിയായ യുവതിയെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. സുള്ള്യ ജയനഗറിലെ പരേതനായ ഇസ്മായില്‍- ഖദീജ ദമ്പതികളുടെ മകളും പൊവ്വലിലെ ജഅഫറിന്റെ ഭാര്യയുമായ ഷൈമ (35)യാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ പൊവ്വലിലെ ക്വാര്‍ട്ടേഴ്‌സിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ 2.15 മണിയോടെ ജഅ്ഫറിന്റെ ബന്ധുവായ സ്ത്രീയാണ് ഷൈമയുടെ വീട്ടുകാരെ വിളിച്ച് ഷൈമ ബോധം കെട്ട് വീണിരിക്കുകയാണെന്നും പെട്ടെന്ന് വരണമെന്നും പറഞ്ഞത്. സുള്ള്യയില്‍ നിന്ന് വീട്ടുകാര്‍ പുറപ്പെടാനിരിക്കെ വീണ്ടും വിളിച്ച് ഷൈമ മരിച്ചുവെന്ന് അറിയിക്കുകയായിരുന്നു.
ജനിച്ച അഞ്ചു മക്കളും പെണ്‍മക്കളായതിന്റെ പേരില്‍ യുവതിക്ക് ഭര്‍ത്താവില്‍ നിന്ന് ക്രൂരമര്‍ദനം ഏറ്റിരുന്നതായി യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു. ഇവര്‍ക്ക് 13ഉം എട്ടും ആറും അഞ്ചും മൂന്നും വയസ് പ്രായമുള്ള അഞ്ച് പെണ്‍മക്കളുണ്ട്. സ്ഥിരമായി ഭര്‍ത്താവ് ജഅഫര്‍ മദ്യവും ലഹരിമരുന്നും കഴിച്ച് വീട്ടിലെത്തി തന്നെ ഉപദ്രവിക്കാറുണ്ടെന്ന് ഷൈമ പറഞ്ഞിരുന്നുവെന്നും മക്കളെ ഓര്‍ത്ത് ഇതുസംബന്ധിച്ച് പരാതി നല്‍കാന്‍ സമ്മതിച്ചിരുന്നില്ലെന്നും ഷൈമയുടെ വീട്ടുകാര്‍ പറഞ്ഞു.
ഷൈമയ്ക്ക് വീട്ടുകാര്‍ നല്‍കിയ 40 പവന്‍ സ്വര്‍ണത്തില്‍ 30 പവന്‍ ഉപയോഗിച്ച് ഒന്നരവര്‍ഷം മുമ്പ് ഭര്‍ത്താവ് പുതിയ വീട് നിര്‍മിച്ചിരുന്നു. കൂടുതല്‍ സ്വര്‍ണം വീട്ടുകാരില്‍ നിന്ന് വാങ്ങിക്കൊണ്ട് വരണമെന്ന് പറഞ്ഞ് ശൈമയെ ക്രൂരമായി മര്‍ദിക്കുന്നത് പതിവായിരുന്നുവെന്നും അഞ്ച് വര്ഷമായി കൊടിയ പീഡനമാണ് നേരിടേണ്ടി വന്നതെന്നും യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു. പുതിയ വീട്ടില്‍ താമസിച്ചു വന്നിരുന്ന ഷൈമയെയും മക്കളെയും ഒന്നരമാസം മുമ്പ് അടുത്തുള്ള ക്വാര്‍ട്ടേഴ്‌സിലേക്ക് താമസം മാറ്റുകയും പുതിയ വീട് മറ്റൊരാള്‍ക്ക് വാടകയ്ക്ക് നല്‍കുകയുമായിരുന്നു. സ്വര്‍ണം കൊണ്ടുവരാതെ പുതിയ വീട്ടിലേക്ക് കൊണ്ടുപോകില്ലെന്നാണ് ഭര്‍ത്താവ് പറഞ്ഞിരുന്നതെന്ന് യുവതിയുടെ വീട്ടുകാര്‍ പറഞ്ഞു. രണ്ടുമാസം മുമ്പ് ശൈമയുടെ തലചുമരിലിടിച്ച് തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു.
താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ ഭര്‍ത്താവ് ജഅ്ഫര്‍ യുവതിയുടെ വീട്ടുകാര്‍ വരുന്നുണ്ടോ എന്നറിയാന്‍ സിസിടിവി കാമറ സ്ഥാപിച്ചിരുന്നതത്രെ. ക്വാര്‍ട്ടേഴ്‌സിലെ സിസിടിവി കാമറ പരിശോധിച്ചപ്പോള്‍ ശൈമ പുറത്തുവന്ന് ഷാള്‍ എടുത്തുപോകുന്നത് ദൃശ്യത്തില്‍ കാണുന്നുണ്ട്. യുവതിയുടെ മരണത്തിന് പിന്നാലെ നാട്ടില്‍ നിന്ന് മുങ്ങിയ ജഅ്ഫറിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Post a Comment
0 Comments