തിരുവനന്തപുരം കല്ലമ്പലത്ത് റംബൂട്ടാന്‍ തൊണ്ടയില്‍ കുടുങ്ങി അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. കരവാരം തോട്ടയ്ക്കാട് മംഗ്ലാവില്‍ വീട്ടില്‍ അനേഷ് സുധാകരന്റെ മകന്‍ ആദവാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആയിരുന്നു സംഭവം നടന്നത്. വീട്ടില്‍ പൂജയ്ക്ക് വച്ചിരുന്ന റംബൂട്ടാന്‍ അനേഷിന്റെ സഹോദരന്റെ കുട്ടികള്‍ കഴിക്കാന്‍ എടുത്തിരുന്നു.
ഇതില്‍ നിന്ന് തൊലി പൊളിച്ച ശേഷം ഒരു റംബൂട്ടാന്‍ കുഞ്ഞിന് കഴിക്കാനായി വായില്‍ വച്ചുകൊടുത്തു. തുടര്‍ന്ന് ശ്വാസതടസം അനുഭവിക്കുന്ന കുഞ്ഞിന്റെ കരച്ചില്‍ കേട്ട് മാതാവ് ഓടിയെത്തുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ സമീപത്തെ ആശുപത്രിയിലെത്തിച്ച് റംബൂട്ടാന്‍ പുറത്തെടുത്തു. എന്നാല്‍ കുട്ടിയ്ക്ക് ശ്വാസതടസം അനുഭവപ്പെട്ടതോടെ തിരുവനന്തപുരം എസ്എടിയിലേക്ക് മാറ്റുകയായിരുന്നു.
എസ്എടിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ കുട്ടി മരണപ്പെടുകയായിരുന്നു. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹം. കല്ലമ്പലം പൊലീസ് സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Post a Comment
0 Comments