Type Here to Get Search Results !

Bottom Ad

പൊലീസ് തലപ്പത്ത് നിന്ന് വിരമിച്ചവര്‍ ബി.ജെ.പിയില്‍ ചേരുന്നത് ഗൗരവമായി കാണണം: എ. അബ്ദുല്‍ റഹ്്മാന്‍


കാസര്‍കോട്: സംസ്ഥാനത്തെ പൊലീസിന്റെ തലപ്പത്ത് ജോലി ചെയ്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥന്മാര്‍ വിരമിക്കലിന് ശേഷം ബി.ജെ.പിയില്‍ ചേക്കേറുന്നത് ഗൗരവപൂര്‍വം നോക്കിക്കാണാന്‍ മതേതര വിശ്വാസികള്‍ മുന്നോട്ടു വരണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍. സംസ്ഥാനത്തെ പൊലീസ് സേനയില്‍ ഡി.ജി.പിമാരായി സേവനമനുഷ്ഠിച്ച മൂന്നു പേരാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ഇവരുടെ സര്‍വീസ് കാലത്ത് സംഘപരിവാര്‍ പരിപാടികളില്‍ നിരന്തരം പങ്കെടുത്തിരുന്നുവെന്ന വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. ഇവരുടെ സേവന കാലത്ത് പൊലീസിന്റെ പല രഹസ്യങ്ങളും സംഘപരിവാര്‍ സംഘങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തിട്ടുണ്ടാകുമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

സി.പി.എം പാര്‍ട്ടിയോട് വലിയകൂറും അടുപ്പവും പുലര്‍ത്തിയിരുന്ന പല പൊലീസ് ഉദ്യോഗസ്ഥരും ബി.ജെ.പിയില്‍ അംഗത്വമെടുത്തിട്ടുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സംഘപരിവാര്‍ വിധേയത്വവും ബന്ധവും അങ്ങാടിപ്പാട്ടാണ്. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ആര്‍.എസ്.എസിന്റെ കായിക പരിശീലനങ്ങള്‍ നടക്കുമ്പോള്‍ നടപടികള്‍ ഉണ്ടാകാതിരുന്നത് ഇത്തരം പൊലീസ് ഉദ്യോഗസ്ഥന്മാരുടെ ഒത്താശയോടെയാണെന്നത് വെളിപ്പെട്ടിരിക്കുകയാണ്. കേരളത്തില്‍ സംഘപരിവാര്‍ ആശയക്കാരായ സംഘങ്ങളുമായി ഏറെബന്ധം പുലര്‍ത്തിയിരുന്ന പൊലീസ് ഉദ്യോഗസ്ഥന്മാര്‍ ഉദ്യോഗത്തിലുണ്ടായിരുന്ന കാലത്ത് മതന്യൂനപക്ഷങ്ങള്‍ക്കെതിരെ എടുത്ത കേസുകളുടെ നിജസ്ഥിതി പരിശോധിക്കുകയും സര്‍വീസിലുള്ള ഇത്തരം ഉദ്യോഗസ്ഥരുടെ മുന്‍ ചെയ്തികളും നടപടികളും അന്വേഷിക്കുകയും വേണം.

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ നടന്ന ക്രൂരമായ കൊലപാതക കേസുകളില്‍ പോലും പ്രതിസ്ഥാനത്തുണ്ടായിരുന്ന സംഘപരിവാര്‍ ക്രിമിനലുകള്‍ വെറുതെ വിടപ്പെടുകയും നിരപരാധികളായ ന്യൂനപക്ഷ വിഭാഗക്കാര്‍ ശിക്ഷിക്കപ്പെടുകയും ചെയ്തുവെന്ന് സംശയിക്കപ്പെട്ട കേസുകള്‍ പുനരന്വേഷണം നടത്തി പൊലീസിലെ കാവിവല്‍ക്കരണവും ക്രിമിനല്‍വല്‍ക്കരണവും പുറത്തുകൊണ്ട് വരേണ്ടതുണ്ട്. ഇതിനു സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നും സമഗ്രാന്വേഷണത്തിന് ഉത്തരവുണ്ടാകണമെന്നും അബ്ദുല്‍ റഹ്്മാന്‍ ആവശ്യപ്പെട്ടു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad