വിവാഹ വാർഷികവും ജന്മദിനങ്ങളും ഗോശാലകളിൽ ആഘോഷിക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ച് യുപി മന്ത്രി സഞ്ജയ് സിങ് ഗാങ്‌വർ. പശുത്തൊഴുത്ത് വൃത്തിയാക്കി അതിൽ കിടന്ന് ക്യാൻസർ രോഗികൾക്ക് സ്വയം രോഗം സുഖപ്പെടുത്താമെന്ന വിവാദ പരാമർശവും കരിമ്പ് വികസന വകുപ്പിലെ മന്ത്രിയായ സഞ്ജയ് സിങ് ഗാങ്‌വർ നടത്തി.
10 ദിവസം പശുക്കളെ ലാളിച്ചും സേവിച്ചും രക്തസമ്മർദ്ദത്തിനുള്ള മരുന്നുകൾ വെട്ടിക്കുറയ്ക്കാമെന്നും മന്ത്രി പറഞ്ഞു. പകാഡിയ നൗഗവനിൽ ഗോശാല ഉദ്ഘാടന വേളയിലായിരുന്നു മന്ത്രിയുടെ പരാമർശം. വിവാഹ വാർഷികവും കുട്ടികളുടെ ജന്മദിനവും ഗോശാലകളിൽ ആഘോഷിക്കണമെന്നും മന്ത്രി ജനങ്ങളോട് അഭ്യർത്ഥിക്കുക ആയിരുന്നു. ഈദ് ദിനത്തിൽ മുസ്ലീങ്ങൾ ഗോശാലയിലേക്ക് വരാനും മന്ത്രി ആഹ്വാനം ചെയ്തു.
‘രക്തസമ്മർദ്ദമുള്ള രോഗിയുണ്ടെങ്കിൽ ഇവിടെ പശുക്കൾ ഉണ്ട്. ആ വ്യക്തി എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും പശുവിനെ അതിൻ്റെ മുതുകിൽ താലോലിച്ച് സേവിക്കണം. ഒരു കാൻസർ രോഗി പശുത്തൊഴുത്ത് വൃത്തിയാക്കി അതിൽ കിടന്നാൽ ക്യാൻസർ പോലും ഭേദമാകും. ചാണക വറളി കത്തിച്ചാൽ കൊതുകിൽ നിന്ന് ആശ്വാസം ലഭിക്കും. പശു ഉത്പാദിപ്പിക്കുന്നതെല്ലാം ഉപയോഗപ്രദമാണ്’- മന്ത്രി പറഞ്ഞു.
2012ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിഎസ്പി ടിക്കറ്റിൽ മത്സരിച്ച ഗാങ്‌വർ പരാജയപ്പെട്ടിരുന്നു. പിന്നീട് 2017ൽ ബിജെപിയിൽ ചേർന്ന ഗാങ്‌വർ പിലിബിത്ത് സീറ്റിൽ നിന്ന് വിജയിച്ചു. 2022ലെ തിരഞ്ഞെടുപ്പിൽ വീണ്ടും വിജയിച്ച് മന്ത്രിയായി. മുൻ ബിജെപി എംപി വരുൺ ഗാന്ധിക്കെതിരെ യുള്ള വിമർശനങ്ങളിലൂടെ പതിവായി വാർത്തകളിൽ ഇടം നേടുന്നയാളാണ് സഞ്ജയ് സിങ് ഗാങ്‌വർ.
Post a Comment
0 Comments