കാഞ്ഞങ്ങാട്: അമ്പലത്തറ കണ്ണോത്ത് ഭാര്യയെ കഴുത്ത് ഞെരിച്ചും തല ചുമരിലിടിച്ചും കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് ജയിലിലായി. അമ്പലത്തറ മൂന്നാംമൈലിലെ ചകിരി കമ്പനി ജീവനക്കാരി കക്കാട്ടെ ബീന(42)യെയാണ് കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം ഭര്‍ത്താവ് ദാമോദരന്‍ (56) അമ്പലത്തറ പൊലിസ് സ്റ്റേഷനില്‍ ഹാജരായി. പിന്നീട് ദാമോദരന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവമെന്ന് സംശയിക്കുന്നു.വീട്ടിനകത്ത് വെച്ച് കൃത്യം നിര്‍വ്വഹിച്ച ശേഷം മൂന്ന് മണിക്കൂറോളം വീട്ടില്‍ തന്നെ ഉണ്ടായിരുന്ന ദാമോദരന്‍ രാവിലെ 5.45യോടെയാണ് ഇറങ്ങി സ്റ്റേഷനിലേക്ക് പോയത്. വീട് പുറമേ നിന്ന് പൂട്ടിയതിനുശേഷമാണ് ഇറങ്ങിയത്.
ദാമ്പത്യത്തിലെ ചില പ്രശ്‌നങ്ങളാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസിനോട് പറഞ്ഞതായി സൂചനയുണ്ട്. കൊല നടത്തിയ വിവരം പുലര്‍ച്ചെ തന്നെ ഭാര്യ സഹോദരിയെയും ന്യൂഡല്‍ഹിയിലുള്ള മകനെയും ദാമോദരന്‍ തന്നെ വിളിച്ച് അറിയിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. മടിക്കൈ കാഞ്ഞിരപ്പൊയില്‍ കുരങ്ങനടി സ്വദേശിനിയാണ് ബീന. പരേതനായ രാമന്‍ -ചിറ്റ ദമ്പതികളുടെ മകളാണ്. മകന്‍: വിശാല്‍ (മൊബൈല്‍ ഫോണ്‍ ടെക്‌നീഷ്യന്‍, ന്യൂഡല്‍ഹി). സഹോദരി: പുഷ്പ. അറസ്റ്റിലായ ദാമോദരനെ ഇന്നലെ രാത്രിയാണ് കോടതിയില്‍ ഹാജരാക്കിയത്.
Post a Comment
0 Comments