കാസര്‍കോട്: കെ.എസ്.ടി.പി പുതുതായി നിര്‍മിച്ച കുമ്പള- മുള്ളേരിയ റൂട്ടില്‍ ബദിയടുക്ക സമീപം മാവിനക്കട്ടയില്‍ അപകട മരണങ്ങള്‍ തുടര്‍ക്കഥയായതോടെ നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രതിഷേധത്തിനൊരുങ്ങുന്നു. നാട്ടുകാരനായ ശമ്മാസ് ഓടിച്ചിരുന്ന കാര്‍ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചു മരണമടഞ്ഞ സംഭവമുണ്ടായി. ഒരു മാസത്തിനകം അതേ പ്രദേശത്ത് മറ്റൊരു അപകട മരണം കൂടി സംഭവിച്ചു. പുതിയ റോഡ് നിര്‍മിക്കുമ്പോള്‍ യാതൊരു സുരക്ഷാ മുന്‍ കരുതലുകളും എടുക്കാതെ റോഡുപണി തുടങ്ങിയതാണ് ഇത്തരം അപകടങ്ങള്‍ക്ക് കാരണമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
മാവിനക്കട്ട ടൗണ്‍ പ്രദേശത്താണ് അപകടങ്ങള്‍ നടക്കുന്നത്. തികച്ചും അശാസ്ത്രീയമായ രീതിയിലാണ് ഇവിടെ റോഡു പണി നടത്തിയത്. അപകട സാധ്യത മുന്നൊരുക്കങ്ങളൊന്നും പാലിച്ചില്ലെന്ന് മാത്രമല്ല ഡ്രെയിനേജ് നിര്‍മിക്കാതെ മഴ വെള്ളം റോഡിലേക്ക് തിരിച്ചുവിട്ടിരിക്കുകയാണ്. മദ്രസയില്‍ പഠിക്കുന്ന നൂറ്റമ്പതോളം വിദ്യാര്‍ഥികള്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ യാതൊരു സംവിധാനവും ഏര്‍പ്പെടുത്തിയിട്ടില്ല. നടപ്പാത നിര്‍മിക്കാത്തത്തിനാല്‍ പള്ളി കോമ്പൗണ്ടില്‍ നിന്നുംനേരെ റോഡിലേക്കാണ് വഴിയുള്ളത്. ഇതും അപകടങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. കുതിച്ചുവരുന്ന വാഹനങ്ങള്‍ക്ക് അപകട മേഖലയാണെന്നു നിര്‍ദ്ദേശം നല്‍കുന്ന ബോര്‍ഡുകളൊന്നും തന്നെ സ്ഥാപിച്ചിട്ടില്ല. റോഡ് കടന്നുപോകുന്ന മറ്റു സ്ഥലങ്ങളില്‍ മെയിന്‍ റോഡിലേക്ക് പ്രവേശിക്കുന്ന പോക്കറ്റ് റോഡുകള്‍ക്ക് ആവശ്യമായ മുന്‍കരുതല്‍ എടുത്തിട്ടുണ്ടെങ്കിലും ഈപ്രദേ ശത്ത് അതും പാലിക്കപ്പെട്ടിട്ടില്ല. ഇതോടെയാണ് അപകടങ്ങള്‍ ഇവിടെ നിത്യസംഭവമായി മാറിയത്. റോഡ് നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ നാട്ടുകാര്‍ അതികൃതരോട് പ്രശ്‌നങ്ങളെല്ലാം ചൂണ്ടിക്കാട്ടിയിരുന്നുവെങ്കിലും റോഡു പണി പൂര്‍ത്തീകരിക്കുന്നത്തിന് മുമ്പ് അതൊക്കെ നിര്‍മിക്കുമെന്ന വാഗ്ദാനമാണ് അധികൃതരുടെ ഭാഗത്തു നിന്നുണ്ടായത്.
കെ.എസ്.ടി.പി റോഡ് നിര്‍മാണത്തിന് മുമ്പ് റോഡിന്റെ അപകട സുരക്ഷയും മുന്‍കരുതലുകളും കണക്കിലെടുത്ത് കാസര്‍കോട് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍ റോഡ് നിര്‍മാണ സമയത്ത് കെഎസ്ടിപി നിര്‍മിക്കുന്ന റോ ഡിലൂടെ തന്നെ ഈ പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പു നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മറ്റൊരു സ്ഥലത്തേക്ക് ഫണ്ട് വക മാറ്റുകയായിരുന്നു. റോഡ് നിര്‍മാണം പൂര്‍ത്തിയായെങ്കിലും വാഗ്ദാനങ്ങളോളൊന്നും പാലിക്കപ്പെടാതെ അപകടങ്ങള്‍ തുടര്‍ക്കഥയായതാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങാന്‍ കാരണം. പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ടി മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി, ജില്ലാ കലക്ടര്‍, സൂപ്രണ്ട് ഓഫ് പോലീസ്, താലൂക്ക് സമിതി, എം.പി, എം.എല്‍.എ, കെ.എസ്.ടി.പി അധികൃതര്‍ എന്നിവര്‍ക്ക് പരാതി നല്‍കി. പ്രശ്‌നം പരിഹരിക്കാനാവാത്തപക്ഷം ശക്തമായ പ്രതിഷേധ സമരപരിപാടികളുമായി മുന്നോട്ടു പോകാനാണ് നാട്ടുകാരുടെ തീരുമാനം. പത്രസമ്മേളനത്തില്‍ പി.ഡി.എ റഹ്മാന്‍, ടി.കെ ഫസല്‍, ബി.എന്‍ അബ്ദുല്ല ഹാജി, പി. കൃഷ്ണ നായക്, സി.എച്ച് അലി, സി.എച്ച് രാജേഷ്, ടി.എന്‍ റിയാസ്, എസ്.കെ ഇക്ബാല്‍ പങ്കെടുത്തു
Post a Comment
0 Comments