ബിഎ പരീക്ഷ പാസാകാതെ എംഎ ക്ലാസിൽ പ്രവേശനം നേടി എസ്എഫ്ഐ നേതാവ് പിഎം ആർഷോ. ഓട്ടോണമസ് കോളേജായ എറണാകുളം മഹാരാജാസിലാണ് ആർഷോ അഞ്ചുവർഷ ആർക്കിയോളജി ഇന്റഗ്രേറ്റഡ് കോഴ്സിൽ പ്രവേശനം നേടിയത്. ബിരുദത്തിന് വേണ്ട ആറാം സെമസ്റ്റർ പരീക്ഷ ആർഷോ പാസായിട്ടില്ല. എന്നാൽ പിജിക്ക് തത്തുല്യമായ ഏഴാം സെമസ്റ്ററിന് പ്രവേശനം ലഭിച്ചു.
അഞ്ചും ആറും സെമസ്റ്റർ പരീക്ഷ എഴുതുന്നതിന് 75% ഹാജർ വേണമെന്നിരിക്കെയാണ് ഹാജർ 10 ശതമാനം മാത്രമുള്ള ആർഷോയ്ക്ക് പ്രവേശനം നൽകിയിരിക്കുന്നത്. 120 ക്രെഡിറ്റ് ലഭിക്കാതെ ഏഴാം സെമസ്റ്ററിലേയ്ക്ക് പ്രവേശനം നൽകാൻ പാടില്ലെന്ന വ്യവസ്ഥ മറികടന്നാണ് ആറാം സെമസ്റ്റർ പരീക്ഷ പോലും എഴുതാത്ത ആർഷോയ്ക്ക് പ്രിൻസിപ്പലിന്റെ നിർദ്ദേശപ്രകാരം ഇന്റഗ്രേറ്റഡ് പിജി ക്ലാസിൽ പ്രവേശനം നല്‍കിയത്.
യൂണിവേഴ്സിറ്റി അംഗീകരിച്ച റെഗുലേഷൻ പ്രകാരം എല്ലാ സെമസ്റ്ററിനും 75% ഹാജരുണ്ടെങ്കിൽ മാത്രമേ പരീക്ഷ എഴുതുവാൻ അർഹതയുള്ളൂ. ഒന്നു മുതൽ ആറു വരെ സെമസ്റ്റർ പരീക്ഷ പാസാകുന്നതിന് 120 ക്രെഡിറ്റ് വേണമെന്നും അവർക്ക് ബിരുദ സർട്ടിഫിക്കറ്റ് വാങ്ങി കോഴ്സ് അവസാനിപ്പിക്കാവുന്നതാണെന്നും വ്യവസ്ഥ ഉണ്ട്. പഠനം തുടരുന്ന വിദ്യാർഥികൾക്ക് ഏഴു മുതൽ 10 വരെ സെമസ്റ്ററുകളിൽ 80 ക്രെഡിറ്റ് നേടിയാൽ പിജി ഡിഗ്രി ലഭിക്കും. മറ്റു കോളേജുകളിൽ നിന്നും ബിഎ പരീക്ഷ പാസാകുന്നവർക്ക് ഏഴാം സെമസ്റ്ററിൽ ലാറ്ററൽ എൻട്രി എംഎ ക്ലാസ്സിൽ പ്രവേശന നൽകുവാനും വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥ നിലനിൽക്കവേയാണ് ആർഷോയുടെ ഈ പ്രവേശന തിരിമറി നടത്തിയത്.
Post a Comment
0 Comments