Type Here to Get Search Results !

Bottom Ad

ജില്ലയില്‍ 61 പഞ്ചായത്ത് വാര്‍ഡുകള്‍ കൂടും; ഓരോ പഞ്ചായത്തിലും ഒന്നിലധികം വാര്‍ഡുകള്‍ അധികം


കാസര്‍കോട്: തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഡ് വിഭജനത്തിന്റെ ഭാഗമായി ത്രിതല പഞ്ചായത്തുകളിലെ വാര്‍ഡുകളുടെ എണ്ണം പുതുക്കി നിശ്ചയിച്ചു. ജില്ലയില്‍ 61 പഞ്ചായത്ത് വാര്‍ഡുകള്‍ കൂടും. ഒമ്പതു ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളും ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷനും അധികമാകും. നേരത്തെ 38 ഗ്രാമപഞ്ചായത്തുകളില്‍ 664 വാര്‍ഡുകളില്‍ ഉണ്ടായിരുന്നത് ജനസംഖ്യാടിസ്ഥാനത്തില്‍ വാര്‍ഡു വിഭജനം പൂര്‍ത്തിയായപ്പോള്‍ 725 എണ്ണമായി കൂടി. ആറു ബ്ലോക്ക് പഞ്ചായത്തുകളില്‍ 83 ഡവിഷന്‍ ഉണ്ടായിരുന്നിടത്ത് 92 ആയും 17 ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ വാര്‍ഡുകള്‍ ഉണ്ടായിടത്ത് ഒരെണ്ണം കൂടി 18 ഡിവിഷനുകളായി. 
തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു വാര്‍ഡു വീതം വര്‍ധിപ്പിക്കാനായിരുന്നു തീരുമാനമെങ്കിലും വാര്‍ഡു വിഭജനം പൂര്‍ത്തിയായതോടെ ഒന്നിലധികം വാര്‍ഡുകള്‍ കൂടി. മധൂര്‍ പഞ്ചായത്തിലാണ് കൂടുതല്‍ വാര്‍ഡുകള്‍. നാലു വാര്‍ഡുകള്‍ കൂടി. മുളിയാര്‍, മഞ്ചേശ്വരം പഞ്ചായത്തുകളില്‍ മൂന്നു വീതം വാര്‍ഡുകള്‍ കൂടി. പുത്തിഗെ, വോര്‍ക്കാടി, മീഞ്ച, ബദിയടുക്ക, ബേഡഡുക്ക, മൊഗ്രാല്‍ പൂത്തൂര്‍, ഉദുമ, കോടോം ബേളൂര്‍, പള്ളിക്കര, പനത്തടി, പൂല്ലൂര്‍ പെരിയ, ഈസ്റ്റ് എളേരി, പിലിക്കോട്, കിനാനൂര്‍ കരിന്തളം, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍ രണ്ടു വീതവും മറ്റിടങ്ങളില്‍ ഒന്നു വീതവും കൂടി. 

സംസ്ഥാനത്ത് 941 ഗ്രാമപഞ്ചായത്തുകളിലായി 15,962 വാര്‍ഡുകള്‍ ഉണ്ടായിരുന്നത് 17,337 ആയി ഉയരും. കൂടിയത് 1375. തദ്ദേശസ്ഥാപന തിരഞ്ഞടുപ്പിന് മുന്നോടിയായി ജനസംഖ്യാനുപാതികമായാണ് വാര്‍ഡുകളുടെ എണ്ണം അന്തിമമാക്കി വിജ്ഞാപനമായത്. ഇനി അതിര്‍ത്തികള്‍ പുനര്‍നിര്‍ണയിക്കും. 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ 2080 വാര്‍ഡുകളുണ്ടായിരുന്നത്. 2267 ആയി. കൂടിയത് 187. 14 ജില്ലാ പഞ്ചായത്തുകളില്‍ തിരുവനന്തപുരത്ത് രണ്ടും മറ്റുജില്ലകളില്‍ ഒന്നുവീതവും കൂടി. 331 ഡിവിഷനുകളാണ് നിലവിലുണ്ടായിരുന്നത്. ഇത് 346 ആയി. വാര്‍ഡുകളുടെ എണ്ണം ഉയര്‍ന്നതോടെ ജനപ്രതിനിധികളും കൂടി. 50 ശതമാനം സീറ്റുകള്‍ വനിതകള്‍ക്കാണ്. വനിതകളുടെയും പട്ടികജാതി- പട്ടികവര്‍ഗ സംവരണ വാര്‍ഡുകളുടെയും എണ്ണവും നിശ്ചയിച്ചിട്ടുണ്ട്. മുനിസിപ്പാലിറ്റികളുടെയും കോര്‍പ്പറേഷന്റെയും വാര്‍ഡുകളുടെ എണ്ണം അന്തിമമാക്കി വിജ്ഞാപനം ഉടനുണ്ടാകും. കാസര്‍കോട് ബ്ലോക്ക് ഡിവിഷനുകള്‍ വര്‍ധിച്ച് 15 ഉണ്ടായത് 18 ആയി. കാഞ്ഞങ്ങാട് ബ്ലോക്കില്‍ രണ്ടും ബാക്കി ബ്ലോക്ക് പഞ്ചായത്തുകളില്‍ ഓരോ ഡിവിഷനും വര്‍ധിച്ചു.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad