Type Here to Get Search Results !

Bottom Ad

നാവികസേന മടങ്ങി; റിയാസ് കാണാമറയത്ത് തന്നെ, ഫിഷറീസ്, കോസ്റ്റല്‍ പൊലീസ് തിരച്ചില്‍ തുടരും


കാസര്‍കോട്: കീഴൂര്‍ ഹാര്‍ബറില്‍ ചൂണ്ടയിടുന്നതിനിടെ കാണാതായ ചെമ്മനാട് കല്ലുവളപ്പ് സ്വദേശി മുഹമ്മദ് റിയാസിനെ (36) കണ്ടെത്താനുള്ള നാവികസേനയുടെ തിരച്ചില്‍ വിഫലം. ഇന്ത്യന്‍ നാവിക സേനയുടെ സ്‌കൂബ ഡൈവിംഗ് സംഘമാണ് രണ്ടു ദിവസമായി തിരച്ചിലില്‍ നടത്തിയത്. ഒന്നു കണ്ടെത്താനാവാത്തതിനെ തുടര്‍ന്ന് നാവികസേന തിരച്ചില്‍ നിര്‍ത്തി. ഇന്ന് കേരള ഫയര്‍ ആന്റ് റെസ്‌ക്യു ഫോഴ്‌സ്, ഫിഷറീസ്, കോസ്റ്റല്‍ പൊലീസ് തെരച്ചില്‍ തുടരുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

വ്യാഴാഴ്ച രാവിലെ മുതലാണ് നാവികസേനയും തിരച്ചിലിന്റെ ഭാഗമായത്. കൂടാതെ കണ്ണൂര്‍ ജില്ലയിലെ ഫിഷറീസ് വകുപ്പിന്റെ പട്രോള്‍ ബോട്ട് ഇന്നലെയും മിനിഞ്ഞാനുമായി കീഴൂര്‍ അഴിമുഖത്തു നിന്നും തലശേരി ഭാഗത്തേക്കും കാസര്‍കോട് ജില്ലയില്‍ നിന്നുള്ള പട്രോള്‍ ബോട്ട് കീഴൂരില്‍ നിന്നും കണ്ണൂര്‍ ഭാഗത്തേക്കും തിരച്ചില്‍ നടത്തി. കണ്ണൂര്‍ ജില്ലയിലെ മറ്റൊരു പട്രോള്‍ ബോട്ട് എഴിമല ഭാഗത്തു നിന്നും തലശേരി ഭാഗത്തേക്കും തിരച്ചില്‍ നടത്തുകയുണ്ടായി. തിരച്ചിലില്‍ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്ന് ഫിഷറീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരമാണ് ഫിഷറീസ് പട്രോള്‍ ടീം പരിശോധന നടത്തിയത്.

ശനിയാഴ്ച പുലര്‍ച്ചെ അഞ്ചു മണിക്കും ഒമ്പതു മണിക്കും ഇടയിലാണ് കീഴൂര്‍ ഹാര്‍ബറില്‍ ചൂണ്ടയിടാനെത്തിയ റിയാസിനെ കാണാതായത്. പുലര്‍ച്ചെ അഞ്ച് മണിയോടെ ചൂണ്ടയിടാന്‍ പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ റിയാസിന്റെ ബാഗും സ്‌കൂട്ടറും ഹാര്‍ബറിന് സമീപം കണ്ടെത്തിയിരുന്നു. ഒരുമാസം മുമ്പാണ് യുവാവ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയത്. ഇതിനിടെയാണ് അപകടത്തില്‍പെട്ടത്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും യുവാവിനെ കണ്ടെത്താന്‍ കഴിയാത്ത ഭരണകൂടത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയര്‍ന്നിരുന്നു. ഇതോടെയാണ് തിരച്ചില്‍ ഊര്‍ജിതമാക്കിയത്. റിയാസിനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയോടെയും പ്രാര്‍ഥനയോടെയും കാത്തിരിക്കുകയാണ് ബന്ധുക്കളും നാട്ടുകാരും.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad