ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ സുപ്രീം കോടതിയെ സമീപിച്ചു. പാസ്‌പോര്‍ട്ട് തിരികെ നല്‍കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. അതേസമയം വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് ജസ്റ്റിസുമാരായ പി എസ് നരസിംഹ, ആര്‍ മഹാദേവന്‍ എന്നിവര്‍ അടങ്ങിയ രണ്ടംഗ ബെഞ്ച് നിര്‍ദേശം നല്‍കി.
എല്ലാ തിങ്കളാഴ്ചയും ഉത്തര്‍പ്രദേശിലെ പൊലീസ് സ്റ്റേഷനിലെത്തി ഒപ്പുവെയ്ക്കണമെന്ന ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയാണ് സിദ്ദിഖ് കാപ്പന്‍ സുപ്രീം കോടതിയെ സമീപിച്ചത്. കേരള പത്രപ്രവർത്തക യൂണിയൻ അംഗത്വ രേഖയും പാസ്സ്പോർട്ടും അടക്കം തിരികെ നൽകാൻ നിർദേശിക്കണമെന്നാണ് കാപ്പന്റെ ആവശ്യം. സിദ്ധിഖ് കാപ്പന് ജാമ്യം അനുവദിക്കുമ്പോൾ എല്ലാ തിങ്കളാഴ്ചയും പ്രാദേശിക പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് കോടതി നിർദേശിച്ചിരുന്നു.
എന്നാൽ ഇതിന് പുറമെ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യരുതെന്നും കേസുമായി ബന്ധപ്പെട്ട ആരുമായി ബന്ധപ്പെടരുതെന്നും, പാസ് പോര്‍ട്ട് നല്‍കണം തുടങ്ങിയ വ്യവസ്ഥകളും സുപ്രീംകോടതി മുന്നോട്ടുവെച്ചിരുന്നു. ജാമ്യം ലഭിച്ച് ആദ്യത്തെ ആറാഴ്ചയ്ക്ക് ശേഷം കേരളത്തിലേക്ക് പോകാന്‍ സുപ്രീംകോടതി അനുമതി നല്‍കിയെങ്കിലും തിങ്കളാഴ്ച പൊലീസ് സ്റ്റേഷനില്‍ ഹാജരായി ഒപ്പുവെയ്ക്കണമെന്ന വ്യവസ്ഥ തുടര്‍ന്നിരുന്നു. ഇതില്‍ ഇളവ് തേടിയാണ് ഇപ്പോൾ സിദ്ധിഖ് കാപ്പന്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
Post a Comment
0 Comments