കാസര്‍കോട്: ദേശീയ കബഡി താരവും കബഡി അധ്യാപികയുമായിരുന്ന ബേഡകം ചേരിപ്പാടി സ്വദേശിനി പ്രീതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃ മാതാവും കുറ്റക്കാരാണെന്ന് കോടതി. ഭര്‍ത്താവ് വെസ്റ്റ് എളേരി മാങ്ങോട് പൊറവങ്കര സ്വദേശി രാഗേഷ് കൃഷ്ണന്‍ (38), മാതാവ് ശ്രീലത (59) എന്നിവരെയാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജ് ഒന്ന് എ മനോജാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
പ്രതിയായ ഭര്‍തൃപിതാവ് കെ രമേശന്‍ വിചാരണക്കിടെ മരണപ്പെട്ടിരുന്നു. കേസില്‍ ഈ മാസം 18ന് ശിക്ഷ പറയും. 2017 ആഗസ്റ്റ് 18നാണ് ചേരിപ്പാടിയിലെ സ്വന്തം വീട്ടില്‍ പ്രീതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനുള്ളിലെ ഗോവണിയുടെ കൈവരിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. സ്ത്രീധനത്തിനായി ഭര്‍ത്താവും, ഭര്‍തൃവീട്ടുകാരും ചേര്‍ന്ന് പ്രീതിയെ നിരന്തരമായി പീഡിപ്പിച്ചിരുന്നെന്ന ബന്ധുക്കളുടെ ആരോപണത്തെ തുടര്‍ന്ന് ബേഡകം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എസ്‌ഐ ആയിരുന്ന എ. ദാമോദരന്‍ ആണ് അന്വേഷണം നടത്തിയത്. കാസര്‍കോട് ഡിവൈഎസ്പി എംവി സുകുമാരനാണു തുടരന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസ്സില്‍ പ്രോസ്സിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ. പ്ലീഡര്‍ ഇ ലോഹിതാക്ഷനും അഡ്വ. ആതിര ബാലനും ഹാജാരായി.
Post a Comment
0 Comments